അഹമ്മദാബാദ് : അഹമ്മദാബാദിലെ 36-ല്‍ അധികം സ്‌കൂളുകളില്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശത്തിന് പാകിസ്ഥാനുമായി ബന്ധമുള്ളതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ചിൻ്റെ വെളിപ്പെടുത്തല്‍. ഇന്ന് (10-05-2024) നടത്തിയ പത്രസമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍. ഭീഷണി സന്ദേശം എത്തിയ ഇ-മെയിലിന് പാകിസ്ഥാനുമായി ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. റഷ്യൻ ഡൊമെയ്‌നിൽ നിന്നാണ് ഇ-മെയിലുകൾ അയച്ചിരിക്കുന്നത്.
അഹമ്മദാബാദ് ക്രൈം ആൻഡ് സൈബർ ക്രൈം വിഭാഗമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ പാകിസ്ഥാനിൽ നിന്നുള്ള തൗഹീദ് ലിയാഖത്ത് എന്നയാളാണ് ഇ-മെയിലുകൾ അയച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഹമദ് ജാവേദ് എന്ന പേരിലും അറിയപ്പെടുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
അഹമ്മദാബാദ് സിറ്റി, റൂറൽ ഉൾപ്പെടെ 36 സ്‌കൂളുകൾക്കാണ് മേയ് ആറിന് ഇ-മെയിൽ ലഭിച്ചത്. മെയിൽ ലഭിച്ചയുടൻ എല്ലാ സ്‌കൂളുകളിലും പൊലീസും ഡോഗ് സ്ക്വാഡും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ, സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. എല്ലാ സ്‌കൂളുകളിലും സൈബർ പരിശോധനയും നടത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഈ ഇ-മെയിൽ വ്യാജമാണെന്ന് കണ്ടെത്തി.
പാക്കിസ്ഥാനിലെ ഫൈസലാബാദിൽ നിന്നാണ് തൗഹീദ് മെയിലുകള്‍ അയച്ചത്. എല്ലാ മെയിലുകളും mail.ru. ഡൊമെയ്‌നിൽ നിന്നാണ് അയച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്. 'ICQ, Snap-chat, Twitter, Roblex' തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യത്യസ്‌ത ഐഡികൾ സൃഷ്‌ടിച്ചാണ് ഇയാള്‍ സന്ദേശങ്ങള്‍ അയക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ഭീതിപ്പെടുത്താനാണ് ഇത്തരമൊരു ശ്രമം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. തൗഹീദ് നിരവധി ഇന്ത്യ വിരുദ്ധ ട്വീറ്റുകളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകളുടെ ഇമെയിലുകൾ ഇയാള്‍ക്ക് ഇൻ്റർനെറ്റിൽ നിന്ന് ലഭിച്ചതായിരിക്കാം എന്നും പൊലീസ് പറഞ്ഞു. മറ്റൊരു ഏജൻസിയുടെ അന്വേഷിക്കുന്ന ഹണിട്രാപ്പ് കേസിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് അറിയിച്ചു. നിലവിൽ, സ്റ്റേറ്റ് ഐബി, എടിഎസ്, സെൻട്രൽ ഐബി, എൻടിആർഒ, റോ തുടങ്ങിയ ഏജൻസികൾ കേസില്‍ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.