ഇനിയും വറ്റിയിട്ടില്ല ആ കണ്ണുനീര്‍ച്ചാല്‍...; പെട്ടിമുടി ദുരന്തത്തിന് ഇന്നേക്ക് മൂന്നാണ്ട്; കേന്ദ്ര സഹായം ലഭ്യമായില്ലെന്ന് പരാതി - Three year of Pettimudi landslide
🎬 Watch Now: Feature Video
ഇടുക്കി: കേരളം കണ്ട സമാനതകളില്ലാത്ത പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2020 ഓഗസ്റ്റ് ആറിന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍പൊട്ടല്‍ പെട്ടിമുടി പ്രദേശത്ത് വന്‍ ദുരന്തമായി പതിച്ചത്. നാല് ലയങ്ങളിലായി ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ആനമുടി മലയില്‍ ഉരുള്‍പൊട്ടിയതാണ് ദുരന്തകാരണം. രണ്ടര കിലോമീറ്ററോളം ദൂരം മല കീറിമുറിച്ചെത്തിയ വലിയ പാറക്കല്ലുകളും മണ്ണും മലവെള്ളവും പെട്ടിമുടിയെ ആകെ മൂടി. നാല് ലയങ്ങളിലെ 36 വീടുകളില്‍ കഴിഞ്ഞിരുന്നവരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. മൊബൈല്‍ ടവര്‍ നിശ്ചലമായിരുന്നതിനാല്‍ രാത്രി പത്തരയ്‌ക്ക് സംഭവിച്ച ദുരന്തം പുറംലോകമറിഞ്ഞത് പിറ്റേ ദിവസം രാവിലെയാണ്. അപ്പോഴേക്കും 70 പേര്‍ മണ്ണിനടിയിലായിരുന്നു. തിമിര്‍ത്ത് പെയ്യുന്ന മഴയത്ത് മൂന്നാറില്‍ നിന്നും ദുര്‍ഘട പാത താണ്ടി രക്ഷാപ്രവര്‍ത്തകര്‍ക്ക് പെട്ടിമുടിയില്‍ എത്താന്‍ പിന്നെയും സമയമേറെ വേണ്ടിവന്നു. അപ്പോഴേക്കും സംഭവ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ ദൂരേക്ക് ആളുകള്‍ ഒഴുകിപ്പോയി. രക്ഷപ്പെട്ടവരുടെ മനസില്‍ നിന്ന് ഇപ്പോഴും ഒന്നും മാഞ്ഞിട്ടില്ല. ദിവസങ്ങളോളം നീണ്ട തെരച്ചിലിനൊടുവിലാണ് 66 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദിനേശ് കുമാര്‍, കസ്‌തൂരി, മകള്‍ പ്രിയദര്‍ശിനി, കാര്‍ത്തിക എന്നീ നാല് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ മരിച്ചതായി സര്‍ക്കാര്‍ ഉത്തരവിറക്കി. മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍പോയ വഴിയെ ഇപ്പോഴുമൊരു നീര്‍ച്ചാല്‍ ഒഴുകുന്നുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പിവിടെ കുറച്ച് മനുഷ്യര്‍ സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയിരുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ജീവന്‍ നഷ്‌ടമായവര്‍ക്ക് ഒരിടത്ത് അന്ത്യവിശ്രമം ഒരുക്കാന്‍ കണ്ണന്‍ ദേവന്‍ കമ്പനി തീരുമാനിച്ചതോടെ രാജമലയിലെ മൈതാനത്തിന് സമീപത്ത് തന്നെയാണ് കല്ലറകള്‍ ഒരുക്കിയത്. ഉറ്റവരെ നഷ്‌ടമായതിന്‍റെ വേദന പേറുന്ന മനസുമായി ബന്ധുക്കള്‍ ഓരോ ദുരന്തവാര്‍ഷികദിനത്തിലും ഇവിടെയെത്തി പ്രാര്‍ഥനകളോടെ മടങ്ങും. ദുരന്തം ഓരോരുത്തരുടെയും മുഖത്ത് തീര്‍ത്ത കണ്ണുനീര്‍ച്ചാല്‍ ഇനിയും വറ്റിയിട്ടില്ല.