യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം; 'ഇത് പൊലീസിങ് സിസ്റ്റത്തിന്‍റെ ലംഘനം', തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ - kerala news updates
🎬 Watch Now: Feature Video
Published : Dec 16, 2023, 6:51 PM IST
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിഷ്‌ഠൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി അംഗങ്ങള്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ. സുരക്ഷ നിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. യഥാര്‍ഥത്തില്‍ പേഴ്‌സണല്‍ സെക്യൂരിറ്റി ചുമതലുള്ളവര്‍ ഇത്തരമൊരു ക്രൂരമായ നടപടികളിലേക്ക് പോയത് പൊലീസിങ് സിസ്റ്റത്തിന് എതിരാണ്. മാത്രമല്ല വിഐപികളുടെ സുരക്ഷയ്‌ക്കും അത് അപകടകരമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കേരളത്തിലെ പൊലീസ് ഇങ്ങനെ അഴിഞ്ഞാടിയാല്‍ എവിടെ പോയി നില്‍ക്കും. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനല്ല മറിച്ച് അദ്ദേഹത്തിന് സല്‍പേര് ലഭിക്കുന്നതിന് വേണ്ടി നടത്തിയതാണിതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്‍റല്‍ നടപടി എടുത്തേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയുമില്ലാതെ നടപടികളുമായി നീങ്ങുമെന്ന് തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വച്ച് നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ അംഗരക്ഷകരില്‍ നിന്നും ക്രൂര മര്‍ദനമേറ്റിരുന്നു. നവകേരള സദസ് കടന്ന് പോകവേ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടിച്ച് മാറ്റി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനം സ്ഥലത്ത് നിന്നും കടന്നുപോയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രവര്‍ത്തകരെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.