ഇടുക്കിയില്‍ പന്നിപ്പനി ; ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളവും തമിഴ്‌നാടും
🎬 Watch Now: Feature Video
ഇടുക്കി : കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പന്നികളെയും പന്നിയിറച്ചിയും വളവും കൊണ്ടുപോകുന്നതിന് താത്കാലിക നിരോധനം. ഇടുക്കിയിൽ പന്നിപ്പനി റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് തമിഴ്‌നാടിന്‍റെ നടപടി. കേരളവും അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് പന്നി, പന്നിയിറച്ചി മുതലായവ എത്തിക്കുന്നത് കേരളവും നിരോധിച്ചിട്ടുണ്ട്.
ശക്തമായ പരിശോധനകളാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിലാണ് കേരളത്തില്‍ പരിശോധനകൾ പുരോഗമിക്കുന്നത്. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിലാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ മുഴുവൻ സമയ പരിശോധന നടക്കുന്നത്.
ജൂലൈ 15 വരെയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല. മൃഗസംരക്ഷണവകുപ്പ്, പൊലീസ്, ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്.
അതേസമയം ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകി. പന്നികൾ ചത്താലോ രോഗം ഉണ്ടായാലോ ഉടൻ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നാണ് നിർദേശം. ഫാം നടത്തിപ്പുകാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിക്കുന്നു.