Idukki Ration Traders Call Strike : 'സർക്കാർ അവഗണന അവസാനിപ്പിക്കണം'; ഇടുക്കിയിലെ റേഷൻ വ്യാപാരികൾ കടകളടച്ച് സമരത്തിലേക്ക് - റേഷൻ കട
🎬 Watch Now: Feature Video
Published : Sep 9, 2023, 2:22 PM IST
ഇടുക്കി : ഈ മാസം 11ന് ഇടുക്കി ജില്ലയിൽ റേഷൻ കടകൾ തുറക്കില്ല. അന്നേദിവസം ജില്ലയിലെ മുഴുവൻ റേഷൻ കടകളും അടച്ചിട്ട് പ്രതിഷേധിക്കും (Idukki Ration Traders Call Strike ). കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് കടകൾ അടയ്ക്കുന്നത്. റേഷൻ വ്യാപാരികളോടുള്ള സര്‍ക്കാരിന്‍റെ അവഗണനയ്ക്കെതിരെയാണ് പ്രതിഷേധം. പ്രതിഷേധ സൂചകമായി ജില്ലയിലെ മുഴുവൻ റേഷൻ കടകളും അടച്ചിടുമെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ല നേതൃത്വം വ്യക്തമാക്കി. ആറ് വര്‍ഷം മുൻപ് നടപ്പാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ലൈസൻസിക്ക് 30,000 രൂപയും സെയില്‍സ് മാന് 15,000 രൂപയും മിനിമം വേതനം അനുവദിക്കുക, 11 മാസത്തെ കിറ്റ് വിതരണത്തിന് വ്യാപാരികള്‍ക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക, മണ്ണെണ്ണ വാതില്‍പ്പടി വിതരണം നടത്തുക, വ്യാപാരികള്‍ക്ക് ഗുണകരമായ നിലയില്‍ ക്ഷേമനിധി പരിഷ്‌കരിക്കുക, ഇ-പോസ് മെഷീനിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജില്ല പ്രസിഡന്‍റ് എ ഡി വർഗീസ് കുറ്റപ്പെടുത്തി. 11ന് നടക്കുന്നത് സൂചന സമരം മാത്രമാണെന്നും, സർക്കാർ അനുഭാവപൂർവമായ നിലപാട് കൈക്കൊണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.