അരിക്കൊമ്പനെ തളയ്ക്കാന്‍ 'സിനിമ സ്റ്റൈല്‍' നീക്കം; റേഷന്‍ കടയുടെ സെറ്റ് ഒരുക്കും - അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികള്‍
🎬 Watch Now: Feature Video
ഇടുക്കി: ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. കുങ്കിയാനകളില്‍ ഒന്നിനെ ഇന്ന് രാത്രിയോടെ ചിന്നക്കനാലില്‍ എത്തിക്കും. ചിന്നക്കനാല്‍ സിമന്റ് പാലം പ്രദേശത്തിന് സമീപം റേഷന്‍ കടയുടെ സെറ്റ് ഒരുക്കി അരിക്കൊമ്പനെ ആകര്‍ഷിപ്പിച്ച് പിടികൂടാനാണ് തീരുമാനം.
സിമന്റ് പാലം പ്രദേശത്ത് മുന്‍പ് അരിക്കൊമ്പന് തകര്‍ത്ത, ഒരു വീട്ടിലാണ് താത്കാലിക റേഷന്‍ കട ഒരുക്കുന്നത്. ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിക്കും. ഭക്ഷണം പാകം ചെയ്യുന്നത് ഉള്‍പ്പടെ, ആള്‍ത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ആനയെ ഇവിടേക്ക് എത്തിക്കാനാണ് നീക്കം. സിമന്റ് പാലത്തിന് സമീപം കെണി ഒരുക്കുന്ന വീടിനോട് ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍ വെട്ടി നീക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അടുപ്പുകൂട്ടി, അരി പാകം ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
സിമന്റ് പാലത്തേയ്ക്ക് എത്തുന്ന അരിക്കൊമ്പനെ, മയക്കുവെടിവച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടാനാവുമെന്നാണ് കരുതുന്നത്. വിക്രം എന്ന കുങ്കിയാനയേയാണ് ഇന്ന് രാത്രിയോടെ ചിന്നക്കനാലില്‍ എത്തിക്കുക. ആകെ നാല് കുങ്കിയാനകളെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. നിലവില്‍ സിമന്റ് പാലത്തിന് സമീപ മേഖലകളില്‍ അരിക്കൊമ്പന് തമ്പടിച്ചെന്ന് സൂചനയുണ്ട്. ആനയെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, പ്രത്യേക സേന എത്തി നടപടി തുടങ്ങും. 30 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം എട്ട് ടീമുകളായി തിരിഞ്ഞ് പദ്ധതി നടപ്പിലാക്കും. വനം വകുപ്പിനൊപ്പം വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാവും.