ഇന്ന് ഓഗസ്‌റ്റ് 14, ലോകം പ്രീ ഡയബറ്റീസ് ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കാനും പ്രമേഹത്തെക്കുറിച്ചുളള അറിവ് നൽകുന്നതിനും ഈ ദിവസം ഊന്നൽ നൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാളും കൂടുതലാണെങ്കിലും ടൈപ്പ് 2 ഡയബറ്റീസ് ആണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് പ്രീ ഡയബറ്റിസ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് താരതമ്യേന എല്ലായ്‌പ്പോഴും ഉയർന്ന അളവിൽ കൂടുകയും എന്നാൽ ഡയബെറ്റിക് റീഡിലെത്തിയിട്ടില്ലാത്തവരെയാണ് പ്രീ ഡയബറ്റീക് എന്ന് പറയുന്നത്. ലോകമെമ്പാടുമുളള പ്രായപൂർത്തിയായവരിൽ മൂന്നിൽ ഒരാൾക്ക് പ്രീ ഡയബറ്റിസ് ഉണ്ടെന്ന് കണക്കാക്കുന്നു. പ്രീ ഡയബറ്റിസ് ഉളളവരിൽ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മറ്റ് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാനുളള സാധ്യത കൂടുന്നു.
എന്തുക്കൊണ്ട് ഓഗസ്‌റ്റ് 14? : നവംബർ 14 ന് ലോകം പ്രമേഹദിനമായി ആചരിക്കുന്നതിനാൽ അതിന്‍റെ 90 ദിവസങ്ങൾക്കുമുമ്പാണ് 2021ൽ പ്രീ ഡയബറ്റീസ് ദിനമായി ആചരിക്കാന്‍ ഓഗസ്‌റ്റ് 14 തെരഞ്ഞെടുത്തത്. ശാസ്‌ത്രീയമായി, പ്രമേഹമായി മാറുന്നതിൽ നിന്ന് പ്രമേഹത്തിന്‍റെ പ്രാരംഭ ഘട്ടങ്ങൾ മാറ്റാനും അത് തടയാനും ജീവിതശൈലി മാറ്റാനും ഏകദേശം 90 ദിവസം സമയമെടുക്കുന്നതിനാലാണ് ഓഗസ്‌റ്റ് 14 തെരഞ്ഞെടുത്തത്.
പ്രീ ഡയബറ്റിസിന്‍റെ ലക്ഷണങ്ങൾ: ദുർബലമായ പ്രതിരോധശേഷി, തൊലി പൊളിയുക, കാഴ്‌ചക്കുറവ്, ശരീരത്തിൽ എപ്പോഴും ക്ഷീണം അനുഭവപ്പെടുക, കാലിൽ വേദനയും ഇക്കിളിയും അനുഭവപ്പെടുക, രക്ത സമ്മർദത്തിൽ പെട്ടന്നുണ്ടാവുന്ന വർധനവ്, ഊർജം കുറയുക എന്നിവയാണ്.
പ്രീ ഡയബറ്റിസിന്‍റെ കാരണങ്ങൾ: അപര്യാപ്‌തമായ ഉറക്കം, അലസമായ ജീവിതശൈലി, മദ്യപാനവും പുകവലിയും, തെറ്റായ ഭക്ഷണക്രമം, പെട്ടന്നുണ്ടാവുന്ന അമിതവണ്ണം എന്നിവ പ്രീ ഡയബറ്റിസിന്‍റെ കാരണങ്ങളാണ്.
പ്രീ ഡയബറ്റിസ് തടയാനുളള വഴികൾ: ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അധിക ഭാരം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, ആവശ്യാനുസരണം മരുന്നു കഴിക്കുക, കൂടുതൽ സജീവമായിരിക്കുക എന്നിവയിലൂടെ പ്രീ ഡയബറ്റിസ് തടയാം.
മേൽ പറഞ്ഞ മാറ്റങ്ങൾ ജീവിതശൈലിയിൽ കൊണ്ടുവരികയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്‌താൽ പ്രമേഹം വരാനുളള സാധ്യതകൾ കുറയ്ക്കുന്നു.
ആരോഗ്യരംഗത്തെ പ്രതിസന്ധികൾ ഒഴിവാക്കാന്‍ പ്രീ ഡയബറ്റിസിനെ അഭിസംബോധന ചെയ്യേണ്ടതിന്‍റെ പ്രാധാന്യം സർക്കാരുകൾ തിരിച്ചറിയുന്നുണ്ട്. ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനായുളള അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനായി പഞ്ചസാരയുടെ നികുതി നടപ്പിലാക്കിയും, പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തിയും കമ്മ്യൂണിറ്റികളിൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അവസരം സൃഷ്‌ടിച്ചുമുളള നയങ്ങൾ വികസിപ്പിക്കുന്നു.
ലോകമെമ്പാടുമുളള ആരോഗ്യ സംഘടനകളും എന്‍ജിഒകളും മെഡിക്കൽ പ്രൊഫഷണലുകളും പ്രീ ഡയബറ്റിസിനെക്കുറിച്ചും അതിന്‍റെ അനന്തരഫലത്തെക്കുറിച്ചും അവബോധം പ്രചരിപ്പിക്കാന്‍ കൈകോർക്കുന്നു. നേരത്തെയുളള കണ്ടെത്തലിന്‍റെയും ഇടപ്പെടലിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഇവന്‍റുകളും സെമിനാറുകളും ഓണ്‍ലൈന്‍ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നു.
ലോക പ്രമേഹദിനത്തിന് മുമ്പുളള ദിനത്തിൽ അതിനെക്കുറിച്ചുളള അവബോധം വളർത്താനും, അറിവ് പങ്കിടാനും, പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകാനും നമുക്ക് ഒത്തുചേരാം. ആരോഗ്യകരമായ ജീവിതത്തിലേക്കെടുക്കുന്ന ഓരോ ചുവടും പ്രീ ഡയബറ്റിസിനെക്കുറിച്ച് സംസാരിച്ചും, പ്രമേഹ പകർച്ചവ്യാധി കുറച്ചുകൊണ്ടും വ്യക്തികൾ ആരോഗ്യകരവും സംതൃപ്‌തമായ ജീവിതം നയിക്കുകയും ചെയ്യുന്ന ഭാവിയിലേക്ക് നമ്മെ ഒരുപടി അടുപ്പിക്കാം.