വയനാട് : സിസ്റ്റർ ലൂസി കളപ്പുര വീണ്ടും സത്യഗ്രഹ സമരത്തിൽ. ഇന്ന് (സെപ്‌റ്റംബര്‍ 27) രാവിലെ 10 മണി മുതൽ വയനാട്ടിലെ കാരയ്ക്കാമല മഠത്തിന് മുന്‍പിലാണ് സമരം തുടങ്ങിയത്. മഠം അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സമരം.
കഴിഞ്ഞ ഓഗസ്റ്റിൽ തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും അധികൃതർ ഉപദ്രവം തുടരുകയാണ്. ഭക്ഷണം നിഷേധിച്ചും പ്രാർഥനാമുറി, തേപ്പുപെട്ടി, ഫ്രിഡ്‌ജ് പോലെയുള്ള പൊതുസൗകര്യങ്ങൾ തടഞ്ഞും ദിവസം തോറും പീഡനം കടുപ്പിക്കുകയാണ്. മഠം അധികൃതരോ കന്യാസ്ത്രീകളോ നാലുവർഷമായി തന്നോട് സംസാരിച്ചിട്ടില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമം.
അധ്യാപക വൃത്തിയിൽ നിന്ന് നേടിയതടക്കം തന്‍റെ എല്ലാ സമ്പാദ്യങ്ങളും മഠത്തിനാണ് നൽകിയത്. ഇപ്പോഴും അത് തുടരുന്നു. നിലവിലെ കേസ് കഴിയുന്നതുവരെ മഠത്തിന്‍റെ എല്ലാ സൗകര്യങ്ങളും തനിക്കും അവകാശപ്പെട്ടതാണെന്ന കോടതി വിധി പോലും മാനിക്കാതെയാണ് ഉപദ്രവങ്ങൾ തുടരുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.