കൽപ്പറ്റ: പേരിയയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അറസ്റ്റിലായ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. പിടിച്ചെടുത്തവയില്‍ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളുമുണ്ട്. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിളാണ് ഉള്ളത്.
ഇതരസംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും ഇവർക്ക് ആയുധങ്ങളെത്തിച്ചതായി നിഗമനമുണ്ട്. സൈനികരെ ആക്രമിച്ച് കൈവശപ്പെടുത്തിയ ആയുധങ്ങള്‍ കേരളത്തിലെത്തിയതായാണ് സംശയം. പിടികൂടിയ നാല് തോക്കുകളിൽ ഒന്ന് എകെ 47 നാണ്.
അറസ്റ്റിലായ ഇരുവരെയും കർണാടക, തമിഴിനാട് പൊലീസ് സംഘവും ചോദ്യം ചെയ്യും. ഇരു സംസ്ഥാനങ്ങളിൽ നടന്ന മാവോയിസ്റ്റ് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുക. കേരള പൊലീസിന് നൽകിയ കസ്റ്റഡി കാലയളവിലാണ് ഇരു സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്യുക.
കഴിഞ്ഞ ചൊവ്വാഴ്‌ച (നവംബർ 7) രാത്രിയാണ് പേരിയയിൽ പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇതേ തുടർന്ന് രണ്ട് മാവോയിസ്‌റ്റുകളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. പ്രദേശത്തുള്ള വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച് മടങ്ങവെ പൊലീസ് വളയുകയായിരുന്നു. കീഴടങ്ങാത്തതിനെ തുടർന്ന് വെടിവെപ്പുണ്ടായതായാണ് വീട്ടുകാർ പറയുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാൽ ശക്തമായ സുരക്ഷയും തെരച്ചിലും ഏർപ്പെടുത്തിയിട്ടുണ്ട്.