വയനാട്: നടവഴി സ്വകാര്യവ്യക്തി അടച്ചുകെട്ടിയതായി പരാതി. പനമരം പച്ചിലക്കാട് പടിക്കംവയൽ നിഷയും രണ്ട് പെണ്‍മക്കളുമാണ് വഴി അടച്ചതിനാല്‍ ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് മരിച്ച നിഷയുടെ കുട്ടികള്‍ 10ലും പ്ലസ്‌ടുവിലുമാണ് പഠിക്കുന്നത്.
ഒരാഴ്‌ച മുൻപാണ് ഇവർ ഉപയോഗിച്ചിരുന്ന നടവഴി അടച്ചുകെട്ടിയത്. റോഡിലെത്താന്‍ കുടുംബാംഗങ്ങള്‍ ആശ്രയിക്കുന്ന ഏക വഴിയാണ് ഇത്. പടിക്കംവയൽ പണിയ കോളനി നിവാസികൾ എളുപ്പത്തിൽ റോഡിലെത്താൻ ആശ്രയിക്കുന്നതും ഈ വഴിയാണ്. വഴി അടച്ചതിനാല്‍ മഴ കനത്തപ്പോള്‍ അരക്കൊപ്പം വെള്ളത്തിലൂടെ നടന്നാണ് നിഷയും കുടുംബവും റോഡിലെത്തിയത്. വീട്ടിലും വെള്ളം കയറുമോയെന്ന ഭീതിയിലാണ് കുടുംബാംഗങ്ങള്‍.
വയലിനോട് ചേർന്നുള്ള മറ്റൊരു സ്ഥലത്തിന്‍റെ ഉടമയുമായുള്ള തർക്കത്തെ തുടർന്നാണ് സ്വകാര്യവ്യക്തി നടവഴി അടച്ചത്. വഴി പുനസ്ഥാപിക്കാന്‍ അധികൃതർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.