വയനാട്: വയനാട്ടിൽ എസ്എസ്എൽസി വിജയശതമാനം കൂട്ടാനും ആദിവാസി വിഭാഗത്തിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പുതിയ പദ്ധതി തുടങ്ങുന്നു. കലക്ടറും സബ് കലക്ടറും ഉൾപ്പെടുന്ന സമിതി ഇതിനുവേണ്ടി രൂപീകരിച്ചു.
സംസ്ഥാനത്ത് എസ്എസ്എൽസി വിജയശതമാനത്തിൽ വയനാട് ജില്ലയിലാണ് ഏറ്റവും പിന്നിൽ. ഇത് മറികടക്കാനുള്ള ഊർജിത ശ്രമങ്ങൾക്കാണ് ഈ അധ്യയന വർഷം തുടക്കമിടുന്നത്. കലക്ടർ അധ്യക്ഷനും സബ് കലക്ടർ ഉപാധ്യക്ഷനുമായുള്ള പ്രത്യേക നിരീക്ഷണ സമിതി ഓരോ മാസവും സ്കൂളുകളിലെ പരീക്ഷ വിജയശതമാനവും, കുട്ടികളുടെ കൊഴിഞ്ഞുപോക്കുമായി ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, എസ്എസ്എ, പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലുള്ള ക്ലാസ്സുകളിൽ അവരെ തന്നെ ക്ലാസ്സിൽ ലീഡർ ആക്കണമെന്ന് സ്കൂളുകളിൽ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ ഇതര സംഘടനകളെ കൂടി സഹകരിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും ആലോചനയുണ്ട്.