തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സയ്‌ക്ക് തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് (70) മരിച്ചത്. ചൊവ്വാഴ്‌ച രാത്രിയാണ് ഫിലോമിന ഹൃദയാഘാതം മൂലം മരിച്ചത്.
കഴിഞ്ഞ 40 വര്‍ഷമായി ഫിലോമിനയുടെ ഭര്‍ത്താവ് ദേവസ്യ വിദേശത്ത് ജോലി ചെയ്തും ഫിലോമിന സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തും ഉണ്ടാക്കിയ 28 ലക്ഷം രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ ഒരുമാസമായി വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ഫിലോമിന. തുടര്‍ന്ന് ചികിത്സക്കായി സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടതോടെയാണ് പണം പിന്‍വലിക്കാന്‍ ഭര്‍ത്താവ് ദേവസ്യ ബാങ്കിലെത്തിയത്.
പണം പിന്‍വലിക്കണമെന്ന ആവശ്യം അറിയിച്ചതോടെ അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ സമീപനമാണ് ഉണ്ടായതെന്ന് ദേവസ്യ പറയുന്നു. എന്നാല്‍ ഭാര്യക്ക് ചികിത്സക്കായാണ് പണം പിന്‍വലിക്കുന്നതെന്ന് അധികൃതരെ അറിയിച്ചു. എന്നാല്‍ പൈസയില്ല ഉണ്ടാകുമ്പോള്‍ തരാമെന്നായിരുന്നു അധികൃതരുടെ മറുപടി.
ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചിരുന്നെങ്കില്‍ ഭാര്യക്ക് മികച്ച ചികിത്സ നല്‍കാന്‍ കഴിയുമായിരുന്നെന്ന് ദേവസ്യ പറഞ്ഞു.
also read: വീട്ടമ്മ മരിച്ചതിൽ ദുരൂഹതയെന്ന് ആക്ഷൻ കൗൺസിൽ