തൃശൂർ: വിവിധ വർണങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ മനോഹാരിത കണ്ണിനും മനസിനും സന്തോഷം നൽകുന്ന കാഴ്‌ചയാണ്. ഓണക്കാലമെത്തിയാൽ പോലും അത്തരം കാഴ്‌ചകൾ നമുക്ക് അന്യം നിന്ന് പോയിരുന്നു. എന്നാൽ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൊയ്‌തിരിക്കുകയാണ് തൃശൂരിലെ യുവകർഷകൻ.
ഗുരുവായൂർ തൈക്കാട് നെന്മിനി സ്വദേശി അംജിത്താണ് ചെണ്ടുമല്ലി കൃഷിയിൽ വർണ്ണ വസന്തം തീർത്ത്. വീടിനോട് ചേർന്ന ഒരേക്കർ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ഒരുക്കിയത്. അന്യസംസ്ഥാന പൂന്തോട്ടങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് ഇവിടേയും ചെണ്ടുമല്ലി കൃഷി ഇറക്കിയത്. മഞ്ഞ, ഓറഞ്ച്, വെള്ള എന്നീ നിറത്തിലുള്ള ചെണ്ടുമല്ലികളാണ് പൂത്ത് നിൽക്കുന്നത്.
ഓൺലൈൻ വഴി ശേഖരിച്ച വിത്തുകൾ പാകി മുളപ്പിച്ചാണ് തൈകൾ വളർത്തിയെടുത്തിട്ടുള്ളത്. 3 മാസത്തെ പരിചരണം കൊണ്ടാണ് പറിക്കാൻ പാകമായ രീതിയിൽ പൂക്കൾ വിരിഞ്ഞത്. ജൈവ രീതിയിലായിരുന്നു കൃഷിരീതികൾ. അതുകൊണ്ട് തന്നെ നൂറുമേനി വിളവാണ് ലഭിച്ചത്. ഇതിനോടകം തന്നെ നിരവധി തവണ പൂക്കൾ വിളവെടുത്തു.
സ്വന്തം നാട്ടിൽ വിരിഞ്ഞ പൂന്തോട്ടം കാണാനും പൂക്കൾ വാങ്ങാനും നൂറുക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. തുടർച്ചയായി പെയ്ത മഴ ആശങ്ക സൃഷ്‌ടിച്ചെങ്കിലും പൂ കൃഷിയെ ബാധിച്ചില്ല. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അംജിത് ഒഴിവ് സമയമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
യുവകർഷകന് പിന്തുണയുമായി വീട്ടുക്കാരും സുഹൃത്തുക്കളും അയൽവാസികളുമുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കൾ ഇപ്പോൾ സ്വന്തം നാട്ടിൽ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും.