2008 ലെ മണ്ഡല പുനഃക്രമികരത്തോടെയാണ് ചാലക്കുടി മണ്ഡലം രൂപം കൊളുന്നത്. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളും
എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം.
കഴിഞ്ഞ തവണ വിജയിച്ചുകയറിയ ഇന്നസെന്‍റാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാർഥി. മത്സരിക്കാൻ ഇല്ലന്ന് ആദ്യം വ്യക്തമാക്കിയ ഇന്നസെന്‍റ് പിന്നീട് സ്ഥാനാർഥിയാവാൻ സമ്മതം അറിയിച്ചു. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്‍റ് ഇത്തവണ എത്തുന്നത് പാർട്ടി ചിഹ്നത്തിലാണ്. മണ്ഡലത്തിൽ 1750 കോടിയുടെ വികസന പദ്ധതികൾ നടത്തിയെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. അങ്കമാലിയിലെ ആദ്യ ടെക്‌നോളജി സെന്‍റർ , ചാലക്കുടിയിലെ ആയുഷ് ആശുപത്രി എന്നിവയെല്ലാം എൽഡിഎഫ് മണ്ഡലത്തിൽ ഉയർത്തിക്കാട്ടും. തൃശൂർ ജില്ലയിൽ എല്‍ഡിഎഫിന്‍റെ സംഘടനാ ശക്തിയും ഇടതിന് കരുത്തേകുന്ന ഘടകങ്ങളാണ് .
കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായി യുഡിഎഫ് ഇത്തവണ മത്സരിപ്പിക്കുന്നത് ബെന്നി ബഹനാനെയാണ്. മണ്ഡലത്തിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിൽ നാല് എണ്ണം കൈവശമുള്ളത് യുഡിഎഫിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. എറണാകുളം ജില്ലയിലെ ശക്തമായ യുഡിഎഫ് അടിത്തറ ഗുണകരമാകുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു. ബെന്നി ബെഹനാന്‍റെ വ്യക്തി ബന്ധങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷ മുന്നണിയ്ക്കുണ്ട്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനാണ് ഇത്തവണ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്തി, ഇടത് വലത് പോരിനിടയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും 2009 ൽ നിന്ന് 2014 ലേക്ക് എത്തിയപ്പോൾ മണ്ഡലത്തിൽ മുന്നണിയ്ക്കുണ്ടായ വോട്ട് വർധന എൻഡിഎയ്ക്ക് പ്രതീക്ഷ നൽകുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിയ നിരാഹര സമരത്തിൽ മുൻപന്തിയിൽ നിന്ന എ എൻ രാധാകൃഷ്ണൻ ചാലക്കുടിയിലേക്ക് എത്തുമ്പോൾ, ശബരിമല വോട്ടു ബാങ്കുകളിലും മുന്നണി കണ്ണ് വയ്ക്കുന്നു,
പ്രളയം തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചർച്ച വിഷയം. കൊടും പ്രളയത്തിൽ മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും പൂർണമായി നശിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രളയാനന്തര പ്രവർത്തനകളും പദ്ധതികളും മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ല. എൻഎസ്എസ് നിലപാടുകളും മണ്ഡലത്തിലെ ജയാ പരാജയങ്ങളിൽ സ്വാധീനം ചെലുത്തിയേക്കാം .
ജനുവരി 30 വരെയുള്ള ഇലക്ഷൻ കമീഷന്‍റെ കണക്കുകൾ പ്രകാരം1185268 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 577615 പുരുഷ വോട്ടർമാരും, 607646 സ്ത്രീ വോട്ടർമാരും , ഏഴ് ട്രാൻസ്‌ജൻഡേഴ്സും ഉൾപ്പെടുന്നു.