തൃശ്ശൂർ: ബാലവേലയ്ക്കായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച പെൺകുട്ടികളെ തൃശ്ശൂർ റെസ്ക്യൂ ഹോമിലേക്ക് മാറ്റി. ഏഴ് കുട്ടികളെയാണ് ഒഡിഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽനിന്ന് വ്യാജരേഖകളുമായി കേരളത്തിൽ എത്തിച്ചത്. കുട്ടികളുമായി തൃശ്ശൂർ റെയിൽവെ സ്‌റ്റേഷനിൽ എത്തിയ രണ്ട് കന്യാസ്‌ത്രീകളെ കണ്ട് സംശയം തോന്നിയ ചൈൽഡ്‌ലൈൻ പ്രവർത്തകർ ചോദ്യം ചെയ്‌തപ്പോഴാണ് ബാലവേലയ്ക്കായാണ് ഇവരെ എത്തിച്ചതെന്ന കാര്യം പുറത്തുവന്നത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ഏജന്റ് നാഗേന്ദ്ര എന്നയാൾ പിടിയിലായി.
കോട്ടയം, ഇരിങ്ങാലക്കുട, മാപ്രാണം എന്നിവിടങ്ങളിലെ കോൺവെന്‍റുകളിലേക്ക് കൊണ്ടുപോകുന്നതായാണ് ആദ്യം ഇവർ പറഞ്ഞത്. തൃശ്ശൂരിൽ ഇരിങ്ങാലക്കുട സംഘവും, കോട്ടയത്ത് അവിടുത്ത സംഘവും റെയിൽവേ സ്‌റ്റേഷനിൽ കാത്ത് നിൽക്കുമെന്ന് പറഞ്ഞതായി കന്യാസ്ത്രീകളെ ചോദ്യം ചെയ്‌തപ്പോൾ പറഞ്ഞു. യാഥാർഥമെന്ന് തോന്നുന്ന വിധത്തിലാണ് കുട്ടികൾക്ക് ആധാർ കാർഡ് വ്യാജമായി തയ്യാറാക്കി നൽകിയത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ആധാർ കാർഡുകളിലെ നമ്പരുകൾ പരിശോധിച്ചതിൽ നിന്നാണ് കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്യലിൽ ഛത്തീസ്‌ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുമാണ് കുട്ടികളെ കൊണ്ട് വന്നതെന്ന് പറഞ്ഞത്.