Puthuppally By election | 'യുഡിഎഫ് സ്ഥാനാര്‍ഥി ഉജ്ജ്വല വിജയം നേടും, ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടും': വിഡി സതീശന്‍ - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്
സര്‍ക്കാരിനെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു താമസവും കൂടാതെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ അങ്ങനെ തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
എത്ര മണിക്കൂറാണെന്ന പ്രശ്‌നം മാത്രമേയുള്ളു. പ്രഖ്യാപനം ഇന്നും ഇന്നലെയും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. കുറച്ച് ദിവസം കൂടി കഴിഞ്ഞേ പ്രഖ്യാപനമുണ്ടാവുകയുള്ളു എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നുള്ള സൂചനകള്‍ ലഭിച്ചിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിലെ നടപടികള്‍ ഞാന്‍ തന്നെ നേരിട്ടെത്തി വിലയിരുത്തിയിട്ടുണ്ടെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭ ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയം മാത്രം മുന്നില്‍: ഉജ്ജ്വലമായ വിജയം പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി നേടും. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയ ഭൂരിപക്ഷത്തെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ ഈ സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും പുതുപ്പള്ളിയില്‍ മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടാനുള്ള അവസരമായി ഞങ്ങള്‍ ഇതിനെ കാണുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിജയിക്കാന്‍ വേണ്ടി മാത്രമുള്ള അവസരമായല്ല യുഡിഎഫ് ഇതിനെ കാണുന്നത്. ആശയപരമായും രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന പൂര്‍ണമായ ആത്മവിശ്വാസമുണ്ട്. തൃക്കാക്കരയിലേതു പോലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം തേടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ പുതുപ്പള്ളിയില്‍ വേഗത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ യാതൊരുവിധ വേവലാതിയും അങ്കലാപ്പും സിപിഎമ്മിനില്ലെന്നറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെിയിരുന്നു. ഇത്രയും വേഗം തെരഞ്ഞെടുപ്പ് വരുമെന്ന് വിചാരിച്ചില്ലെന്നും എന്നാല്‍ രാഷ്ട്രീയപരമായി സിപിഎം തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എകെജി സെന്‍ററില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം.
രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അടിത്തട്ടുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ഉപതെരഞ്ഞെടുപ്പിനായി ബൂത്ത് തലത്തിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞുവെന്നും എം.വി ഗോവിന്ദന്‍ അറിയിച്ചു. താഴെ തലം വരെയുള്ള മുഴുവന്‍ സംഘടന മിഷനറികളും ഫലപ്രദമായി ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിനെ നല്ല രീതിയില്‍ തന്നെ നേരിടുകയാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും സംസ്ഥാന നേതൃയോഗത്തിന്‍റെ എല്ലാ ഭാഗമായി ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രക്രിയയെ തുറന്നുകാട്ടുന്ന ഫലപ്രദമായ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരിക്കും പുതുപ്പള്ളിയില്‍ ഉണ്ടാകുകയെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.