തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty On School Mid Day Meal Scheme). ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് (T. J. Saneesh Kumar Joseph) നൽകിയ ശ്രദ്ധ ക്ഷണിക്കൽ നോട്ടിസിൽ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഉച്ചഭക്ഷണ പദ്ധതിയിൽ തുക കൃത്യമായി നൽകാത്തത് കാരണം പ്രധാന അധ്യാപകരെ വഴിയിൽ തടയുന്ന സാഹചര്യമാണെന്ന് ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് നിയമസഭയിൽ പറഞ്ഞു.
ഉച്ചഭക്ഷണത്തിനുള്ള തുക കാലോചിതമായി വർധിപ്പിക്കണമെന്നത് ദീർഘ നാളത്തെ ആവശ്യമാണ്. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ പരസ്‌പരം പഴി ചാരുകയാണെന്നും സനീഷ് കുമാർ ജോസഫ് പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പബ്ലിക് ഫിനാൻഷ്യൽ പദ്ധതിയാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ ബാധിച്ചതെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി.
600 രൂപയാണ് കേന്ദ്രം പാചക തൊഴിലാളിക്ക് നൽകുന്നത്. 10,000 രൂപയോളമാണ് സംസ്ഥാനം നൽകുന്നത്. ഒരു രൂപ പോലും സ്‌കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് കുടിശ്ശികയില്ല. സംസ്ഥാനത്തിന് 244.33 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്.
നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഗഡു ലഭിച്ചു. കേന്ദ്ര വിഹിതം കിട്ടുന്നതിന് മുൻപ് സംസ്ഥാന വിഹിതം നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം ധനവകുപ്പിന്‍റെ പരിഗണനയിലാണ്. ഒരു കാരണവശാലും ഉച്ചഭക്ഷണ പദ്ധതി നിലയ്‌ക്കില്ല. കേന്ദ്രം നൽകുന്ന ധനസഹായം നിഷേധിച്ചാൽ പോലും സംസ്ഥാനം മറ്റ് മാർഗങ്ങൾ തേടുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധിയിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത് : ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക എന്ന് കൊടുത്തുതീർക്കാനാകുമെന്ന് ഹൈക്കോടതി (Kerala High Court) സർക്കാരിനോട് ചോദിച്ചിരുന്നു. പദ്ധതിയിൽ കുടിശ്ശിക വരുത്തിയതിൽ മറുപടി പറയണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്‌തു. വിഷയത്തിൽ രേഖാമൂലം മറുപടി നൽകാനാണ് കോടതി നിർദേശം. കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്ന സർക്കാർ വിശദീകരണത്തിൽ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ എങ്ങനെ സാധിക്കുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.