തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് തകർച്ചയിൽ നേതാക്കൾക്കെതിരെ അന്വേഷണത്തിന് സാധ്യത. വൻ തിരിച്ചടി നേരിട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് മേൽനോട്ടം വഹിച്ച വി.എസ് ശിവകുമാർ, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ എന്നിവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഡിസിസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിൽ നിന്ന് തന്നെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. യുഡിഎഫ് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണം ആണ് പാർട്ടി അണികളിൽ നിന്നുൾപ്പെടെ ഉയരുന്നത്. നേതാക്കൾക്കെതിരെ പരസ്യ വിമർശനവുമായി കെ.സുധാകരൻ, കെ.മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്ത് വന്നു. കോൺഗ്രസ് ആസ്ഥാനമായ തിരുവനന്തപുരം വെള്ളയമ്പലത്തെ ഇന്ദിരാ ഭവൻ വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചതും പാർട്ടിക്ക് വൻ തിരിച്ചടിയായി മാറി. 2015ലെ 21 സീറ്റിൽ നിന്ന് 10 സീറ്റിലേക്കാണ് തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡിഎഫ് ഒതുങ്ങിയത്. പ്രതീക്ഷിച്ച മുന്നേറ്റം ഇല്ലെങ്കിലും ബിജെപി രണ്ടാംസ്ഥാനത്തെത്തി.
അതേസമയം ഡൽഹിയിലെ കർഷക സമരത്തെ പിന്തുണച്ചു കെപിസിസി രാജ്ഭവനിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചു. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് തീരുമാനം. ഡിസിസി യുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചിരുന്നത്.