തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ഒറ്റക്കെട്ടായി എതിർക്കാൻ ഭരണ പ്രതിപക്ഷ തീരുമാനം. അതിനെതിരെ നിയമ സഭയിൽ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുനൽകിയ സാഹര്യത്തിലാണ് മുഖ്യമന്ത്രി സർവക്ഷിയോഗം വിളിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ് എന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ബി.ജെ.പിയുടേത് സാങ്കേതിക പ്രതിഷേധമാണ്. കാര്യങ്ങൾ മനസിലാക്കിയാൽ അവർ പിൻമാറും. ഒന്നിച്ചു നിന്നാൽ തീരുമാനത്തെ മാറ്റിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിൽ സർക്കാരിന്‍റെ എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന് യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.