തിരുവനന്തപുരം: കാര്‍ഷക പ്രതിസന്ധിയെ ചൊല്ലി നിയസഭയില്‍ നിന്ന് ഇറങ്ങി പോയി പ്രതിപക്ഷം. ഉത്പന്നങ്ങളുടെ വിലയിടിഞ്ഞിട്ടും 22 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും എല്ലാം ഭദ്രമെന്ന് കൃഷിമന്ത്രി പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്. 69 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഭരണം കൈവശം വച്ചവരാണ് സഭയില്‍ നിന്ന് ഇറങ്ങി പോകുന്നതെന്ന് കൃഷിമന്ത്രി.
സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് ഭരണ പ്രതിപക്ഷ വാക് പോര് രൂക്ഷമായത്. കേരളത്തിന്റെ കാര്‍ഷിക രംഗം തകര്‍ന്ന അവസ്ഥയിലാണെന്നും ഇതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരു പോലെ കുറ്റക്കാരാണെന്നും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ഇരു സര്‍ക്കാറുകളും കര്‍ഷകരോട് പെരുമാറുന്നതെന്നും പ്രമേയമതരിപ്പിച്ച സണ്ണി ജോസഫ് കുറ്റപെടുത്തി. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ഓഫീസില്‍ ഫയലുകള്‍ കെട്ടികിടക്കുകയാണ്. നെല്ല് സംഭരിച്ച സപ്ലൈകോ പണം നല്‍കാത്തതിനാല്‍ കര്‍ഷകര്‍ വായ്പ തിരിച്ചക്കാതെ കരമ്പട്ടികയില്‍പെട്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ഭരണപക്ഷത്ത് നിന്നും സംസാരിച്ച രാജു എബ്രഹാം ഈ ആരോപണങ്ങള്‍ തള്ളി. ആസിയാന്‍ കരാര്‍ ഒപ്പിട്ടകോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഎപിഎ സര്‍ക്കാറാണ് ഈ പ്രതിസന്ധികള്‍ക്കെല്ലാം കാരണമെന്ന് രാജുഎബ്രഹാം ആരോപിച്ചു. എന്നാല്‍ ഇതിനെ പി.ടി.തോമസ് എം.എല്‍.എ എതിര്‍ത്തു. വിഷയത്തെ എല്‍ഡിഎഫ്, യുഡിഎഫ് തര്‍ക്കവിഷയമാക്കരുതെന്നാണ് മുല്ലക്കര രത്‌നാകരന് പറയാനുണ്ടായിരുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങളെ കണ്ണ് തുറന്ന് കാണാത്ത മന്ത്രിയാണ് വകുപ്പിനുള്ളതെന്ന് പി.ജെ.ജോസഫ് ആരോപിച്ചു.
കാര്‍ഷിക പദ്ധതികള്‍ ബജറ്റില്‍ എഴുതി വച്ചാല്‍ മാത്രം പോരാ അത് അവരിലേക്ക് എത്തിക്കാനുള്ള നടപടി വേണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങളെല്ലാം തള്ളിയാണ് കൃഷി മന്ത്രി മറുപടി നല്‍കി. ബജറ്റില്‍ സര്‍ക്കാറിന് നല്‍കിയിരിക്കുന്നത് മുന്തിയ പരിഗണനയാണ്. യുഡിഎഫിന്റെ കാലത്തേക്കാള്‍ കൂടുതല്‍ തുക ചിലവഴിച്ച് കഴിഞ്ഞു. വളര്‍ച്ചാ നിരക്കിലെ കുറവ് കൃഷിയുടെ തകര്‍ച്ചയായി ചിത്രീകരിക്കരുത്. റബർ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ കര്‍ഷകരെ വഞ്ചിച്ചവരാണ് യുഡിഎഫുകാരെന്നും മന്ത്രി പറഞ്ഞു.
റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന കൃഷിമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. 22 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും വിലയിടിഞ്ഞു. എന്നിട്ടും എല്ലാം ഭദ്രമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറയുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 69 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഭരണം നടത്തിയവരാണ് ഇപ്പോള്‍ സഭയില്‍ ഇറങ്ങി പോകുന്നതെന്നായിരുന്നു പ്രതിക്ഷത്തിന്‍റെ വാക്കൗട്ടിനോടുള്ള കൃഷിമന്ത്രിയുടെ പ്രതികരണം.