തിരുവനന്തപുരം: രേഖകളില്ലാതെ തിരുവനന്തപുരത്ത് പൊലീസ് പിടികൂടിയ ശ്രീലങ്കൻ യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മലൂക്ക് ജൂത്ത് മിൽക്കൻ ഡയസ് എന്ന 30 കാരനാണ് തമ്പാനൂരിലെ കെഎസ്ആർടിസി ബസ് ടെർമിനലിൽ നിന്ന് പിടിയിലായത്.
സിംഹള ഭാഷയിൽ ഇയാൾ ഫോണിൽ സംസാരിക്കുന്നത് കേട്ട് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ പാസ്പോർട്ടോ വിസയോ ഇയാളുടെ പക്കൽ ഇല്ലെന്ന് വ്യക്തമായി. യുവാവ് എങ്ങനെ കേരളത്തിലെത്തി എന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. പരസ്പര വിരുദ്ധമായാണ് ഇയാൾ ചോദ്യങ്ങളോട് പ്രതികരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വിമാനത്താവളത്തിലെ ജീവനക്കാരന്റെ പക്കൽ തന്റെ യാത്രാരേഖകൾ ഉണ്ടെന്ന് ഇയാൾ പറഞ്ഞെങ്കിലും അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടു. പരിശോധനയിൽ നാഗർകോവിൽ - വർക്കല ട്രെയിൻ ടിക്കറ്റ് ഇയാളിൽ നിന്ന് കണ്ടെത്തി. ചാവേറുകളിൽ ചിലർ പരിശീലനത്തിനായി കേരളത്തിൽ എത്തിയിരുന്നുവെന്ന് ശ്രീലങ്കൻ കരസേനാ മേധാവി പ്രസ്താവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.