തിരുവനന്തപുരം: പാറശ്ശാലയിൽ ഷാരോൺ എന്ന യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസിൽ മുഖ്യപ്രതിയായ ഗ്രീഷ്‌മയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാരക്കോണം രാമവർമ്മൻചിറ ശ്രീനിലയം വീട്ടിൽ ഗ്രീഷ്‌മയെ ഇന്ന് (നവംബർ 6) രാവിലെ 10 മണിയോടുകൂടി എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസിലെ കൂട്ടുപ്രതികളായ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും അന്വേഷണസംഘം ഈ വീട്ടിൽ എത്തിച്ചിരുന്നു.
സംഭവത്തിൽ ഗ്രീഷ്‌മ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ഇവിടെ തെളിവെടുപ്പിനായി എത്തിക്കുന്നത്. ഒന്നാം തീയതി സിന്ധുവിനെയും നിർമ്മൽ കുമാറിനെയും ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സമീപത്തെ കുളത്തിൽ നിന്നും വിഷക്കുപ്പി ഉൾപ്പെടെ കണ്ടെത്തിയ പൊലീസ് സംഘം ഗ്രീഷ്‌മയുടെ വീട് സീൽ ചെയ്‌ത് മടങ്ങുകയായിരുന്നു.
എന്നാൽ കഴിഞ്ഞദിവസം പൊലീസ് സീൽ ചെയ്‌ത പൂട്ട് തകർത്ത് ആരോ വീടിനുള്ളിൽ പ്രവേശിച്ചത് ഏറെ സംശയങ്ങൾക്കും ആശങ്കകൾക്കും വഴിതിരിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് അന്വേഷണം കേരള, തമിഴ്‌നാട് പൊലീസുകൾ നടത്തിവരികയാണ്.
READ MORE: ഗ്രീഷ്‌മയുടെ വീടിന്‍റെ സീല്‍ ചെയ്‌ത പൂട്ട് തകര്‍ത്ത നിലയില്‍; സംഭവം തെളിവെടുപ്പ് നടത്താനിരിക്കെ
രാവിലെ ഗ്രീഷ്‌മയെ ഉൾപ്പെടെ ഇവിടെ തെളിവെടുപ്പിന് എത്തിക്കുമെന്ന് അറിഞ്ഞ് നാട്ടുകാരും പരിസരവാസികളും ഉൾപ്പെടെ നിരവധിപേർ ശ്രീനിലയത്തിനു മുന്നിൽ തടിച്ചു കൂടി. പ്രതികൾക്ക് സംരക്ഷണം ഒരുക്കാൻ കേരള, തമിഴ്‌നാട് പൊലീസ് സംഘം നേരത്തേ ഇവിടെ നിലയുറപ്പിച്ചിരുന്നു. അതേസമയം കേരള, തമിഴ്‌നാട് അതിർത്തി ഉൾപ്പെട്ട ഈ വിഷയത്തിൽ കൂടുതൽ നിയമോപദേശങ്ങൾ നാളെ പൊലീസ് തേടും.