തിരുവനന്തപുരം: റൂൾസ് ഓഫ് ബിസിനസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു പോയതിൽ അതൃപ്തിയുമായി മുഖ്യമന്ത്രി. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു എന്ന തരത്തിൽ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അത് തെറ്റായ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിൽ പറഞ്ഞു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭ ഉപസമിതിക്ക് നിർദ്ദേശം നൽകി. എന്നാൽ രണ്ടാഴ്ച സമയം വേണമെന്ന് ഉപസമിതി അധ്യക്ഷൻ എ കെ ബാലൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം നൽകുന്നതാണ് റൂൾസ് ഓഫ് ബിസിനസിലെ ഭേദഗതി നിർദേശങ്ങൾ എന്ന് ഘടക കക്ഷി മന്ത്രിമാർ ആക്ഷേപം ഉന്നയിച്ചിരുന്നു. ഉപസമിതി യോഗത്തിൽ കടുത്ത എതിർപ്പാണ് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും കെ.കൃഷ്ണൻകുട്ടിയും ഉൾപ്പടെയുള്ള ഘടകകക്ഷി മന്ത്രിമാർ ഉയർത്തിയത്. കടൽ ക്ഷോഭം തടയുന്നതിനുള്ള ജിയോ ട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതിനെതിരെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിസഭ യോഗത്തിൽ പൊട്ടിത്തെറിച്ചു. നിയമവകുപ്പിന്‍റെ നിർദ്ദേശങ്ങളാണ് അനുമതി വൈകാൻ കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.