തിരുവനന്തപുരം : ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഇ- മൊബിലിറ്റി പദ്ധതി കരാര്‍ സ്വിസ് കമ്പനിക്ക് മുഖ്യമന്ത്രി നേരിട്ട് നല്‍കിയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സെബി നിരോധിച്ച ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് നല്‍കിയെന്ന ആരോപണത്തിന് പിന്നാലെയാണ് പദ്ധതിയില്‍ മറ്റൊരു ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തു വന്നത്.
ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയായിരിക്കേ ടോം ജോസും കരാറിനെതിരെ ഫയലില്‍ വിയോജന കുറിപ്പെഴുതിയിരുന്നു. ഇതിനെ മറികടക്കാന്‍ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉയര്‍ത്തിയ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ല. സെബിയുടെ ഉത്തരവിന്‍റെ 204 ഖണ്ഡികയില്‍ പിഡബ്‌ള്യൂസിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുണ്ട്. പിഡ്‌ള്യുസിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതിലൂടെ സ്വിറ്റ്‌സര്‍ലാന്‍റ് ആസ്ഥാനമായ 'ഹെസ്' എന്ന കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. 2018 മുതല്‍ ഈ കമ്പനിയുമായി സര്‍ക്കാര്‍ പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കെ.എ.എല്ലും ഹെസും ചേര്‍ന്ന് ഒരു സംയുക്ത സംരംഭം തുടങ്ങാന്‍ തീരുമാനിച്ചിരുന്നോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വിസ് സന്ദര്‍ശനവുമായി ഈ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ബന്ധമുണ്ടോ എന്നും വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.