പ്രായം കൂടുന്നത്, ശല്യം ചെയ്യൽ, രോഗങ്ങൾ എന്നിവയൊക്കെയാണ് സാധാരണയായി വളർത്തുനായയെ ഉടമ ഉപേക്ഷിക്കാനുള്ള കാരണങ്ങൾ. എന്നാല്‍, അടുത്ത വീട്ടിലെ പട്ടിയുമായുള്ള 'അവിഹിതം' കണ്ടെത്തിയതിന്‍റെ പേരില്‍ തന്‍റെ പോമറേനിയൻ വളർത്തുനായയെ ഉപേക്ഷിച്ചിരിക്കുകയാണ് ഉടമ. സദാചാരകുറ്റം ആരോപിച്ച് സ്വന്തം നായയെ തെരുവില്‍ ഉപേക്ഷിച്ച ആ ഉടമയെ തേടുകയാണ് ഇപ്പോൾ മൃഗസ്നേഹികളും സമൂഹമാധ്യമങ്ങളും.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായക്കൊപ്പം ഉടമയുടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. 'നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങൾ ഒന്നുമില്ല. അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പുക്കും. കുര മാത്രമേയുള്ളു, മൂന്ന് വർഷമായി ആരെയും കടിച്ചിട്ടില്ല. പാല്‍, ബിസ്ക്കറ്റ്, പച്ചമുട്ട എന്നിവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു നായുമായി അവിഹിതബന്ധം കണ്ടത് കൊണ്ടാണ് ഉപേക്ഷിച്ചത്,'- തിരുവനന്തപുരം ചാക്ക വേൾഡ് മാർക്കറ്റിന്‍റെ മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നായയുടെ കോളറില്‍ ഉടമ വച്ചിരുന്ന കുറിപ്പില്‍ പറയുന്നു.
എഴുത്തുകാരിയും വിവർത്തകയുമായ ശ്രീദേവി എസ് കർത്തയാണ് ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. 'ഇത് എഴുതിയ മനുഷ്യന്‍റെ വീട്ടിലെ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു. ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ 'അവിഹിതമായി ' കാണുന്ന മനുഷ്യൻ അയാളുടെ കുട്ടികളെങ്ങാൻ പ്രണയിച്ചാൽ അവരുടെ ജീവൻ പോലും അപായപെടുത്തിയേക്കാൻ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ്'- നായയുടെ ചിത്രവും ഉടമയുടെ കുറിപ്പും പങ്കുവച്ച് കൊണ്ട് ശ്രീദേവി എസ് കർത്ത കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
റോഡില്‍ പരിഭ്രാന്തയായ നിലയില്‍ നായയെ കണ്ട ഒരാൾ പീപിൾ ഫോർ അനിമല്‍സിന്‍റെ പ്രവർത്തക കൂടിയായ ശ്രീദേവിയെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പിഎഎഫ് പ്രവർത്തകർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നായയുടെ കോളറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വച്ച കുറിപ്പ് ലഭിച്ചത്. നായയുടെ ഉടമക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമർശനമാണ് ഉയരുന്നത്. വേൾഡ് മാർക്കറ്റിലെ കടകളിലെ സിസിടിവി പരിശോധിച്ച് ഉടമയെ പിടികൂടാനുള്ള ശ്രമത്തിലാണ് സന്നദ്ധ പ്രവർത്തകർ.