തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തിലെ ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തെ കൊവിഡ് (Kerala Covid 19) വ്യാപനത്തില്‍ കുറവുണ്ടാകുമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ വിലയിരുത്തല്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന കൊവിഡ് കണക്കുകൾ. കൊവിഡ് രോഗ വ്യാപന നിരക്ക് പകുതിയിലധികമായി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതിദിന രോഗ വര്‍ധന നിരക്ക് സെപ്റ്റംബര്‍ ഒന്നിന് 0.81 ശതമാനമായിരുന്നു. എന്നാല്‍ 12 ദിവസം പിന്നിടുമ്പോള്‍ അത് 0.46 ആയി കുറഞ്ഞിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണത്തിലും നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ മാസത്തെ ആദ്യ ആഴ്‌ചയില്‍ പ്രതിദിന രോഗികളുടെ എണ്ണം 40,000 കടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് ഉണ്ടാകാത്തത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന് ആശ്വാസം നല്‍കുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടില്ല എന്നതാണ് ഇപ്പോഴുള്ള ആശങ്ക.
സെപ്റ്റംബറിന്‍റെ തുടക്കം ആശങ്കയില്‍
ഓണം കഴിഞ്ഞതോടെ പ്രതിദിന കൊവിഡ് വ്യപന നിരക്ക് വലിയ രീതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലായി. ഇതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതോടെ പ്രതീക്ഷിച്ചത് അതിതീവ്ര വ്യാപനമായിരുന്നു.
ഐ.സി.എം.ആര്‍ നടത്തിയ സീറോ സര്‍വൈലന്‍സ് പഠനത്തിലും കേരളത്തിലെ ജനസംഖ്യയില്‍ പകുതിയലധികം പേര്‍ക്കും കൊവിഡ് വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടും ആശങ്കയായി. ഇതോടെയാണ് വിദഗ്‌ധരുടെ അടക്കം പ്രത്യേക യോഗം വിളിച്ച് സര്‍ക്കാര്‍ സ്ഥിതിഗതികളും പ്രതിരോധവും ചര്‍ച്ച ചെയ്തത്. യോഗങ്ങളിലെ ചര്‍ച്ചകള്‍ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് തീവ്രവ്യാപനം പത്ത് ദിവസത്തിനകം കുറയുമെന്ന വിലയിരുത്തലിലെത്തിയത്.
സെപ്റ്റംബറിലെ കണക്കുകള്‍
രോഗികളുടെ എണ്ണം | ടിപിആര്‍ | |
01/09/2021 | 32,803 | 18.76 |
02/09/2021 | 32,097 | 18.41 |
03/09/2021 | 29,322 | 17.91 |
04/09/2021 | 29,682 | 17.54 |
05/09/2021 | 26,701 | 17.17 |
06/09/2021 | 19,688 | 16.71 |
07/09/2021 | 25,772 | 15.87 |
08/09/2021 | 30,196 | 17.63 |
09/09/2021 | 26,200 | 16.69 |
10/09/2021 | 25,010 | 16.53 |
11/09/2021 | 20,487 | 15.19 |
12/09/2021 | 20,240 | 17.51 |
25,20,32 കൊവിഡ് ബാധിത രോഗികളാണ് കേരളത്തില്‍ നിലവില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം 16835, കൊല്ലം 7286, പത്തനംതിട്ട 14131, ആലപ്പുഴ 11958, കോട്ടയം 9786, ഇടുക്കി 12626, എറണാകുളം 37941, തൃശ്ശൂര്‍ 22914, പാലക്കാട് 14322, മലപ്പുറം 26249, കോഴിക്കോട് 28249, വയനാട് 11287, കണ്ണൂര്‍ 11316, കാസര്‍കോട് 6629 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
ആശ്വാസമായി വാക്‌സിനേഷന്‍
സംസ്ഥാനത്ത് രോഗ വ്യാപനം (Kerala Covid 19) വലിയ രീതിയില്‍ വര്‍ധിച്ചുവെങ്കിലും കൊവിഡ് വാക്‌സിനുകള്‍ രോഗികളെ അസുഖം ഗുരുതരമാകുന്നതിൽ നിന്ന് സംരക്ഷിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ കൊവിഡ് രോഗികളില്‍ 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. മരണത്തിന്‍റെ കണക്കിലും ഇത് പ്രകടമാണ്. വാക്‌സിനേഷന്‍ ത്വരിത ഗതിയിലാക്കിയ ശേഷം കൊവിഡ് മൂലം മരണപ്പെട്ടതായി സംസ്ഥാനം ഔദ്യോഗികമായി സ്ഥിരീകിരിച്ചതില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണെന്നാണ് കണക്കുകള്‍.
സംസ്ഥാനത്ത് ഇതുവരെ ജനസംഖ്യയുടെ 79.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 31.12 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. 2,27,48,174 പേര്‍ക്കാണ് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. 89,55,855 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കൊവിഡ് വാക്‌സിന്‍റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം പേർ കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
ആശങ്ക ടിപിആറില്‍
സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കയായി അവശേഷിക്കുകയാണ്. 17.51 ആണ് കഴിഞ്ഞ ദിവസത്തെ സംസ്ഥാനത്തെ ടിപിആര്‍. കഴിഞ്ഞ 7 ദിവസത്തെ ശരാശരി ടിപിആര്‍ 16.59 ആണ്. സെപ്റ്റംബർ മാസത്തിലെ എല്ലാ ദിവസവും 15 നും 18നും ഇടയിലാണ് ടിപിആര്‍. പരമാവധി പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പരിശോധന 2 ലക്ഷത്തിലെത്തിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.