തിരുവനന്തപുരം: നയന സൂര്യയുടെ ദുരൂഹമരണത്തിൽ പൊലീസിന്‍റേത് ഗുരുതരവീഴ്‌ച. മഹസറും ഇൻക്വസ്റ്റും തയ്യാറാക്കിയതിൽ വീഴ്‌ചയുള്ളതായി എ സി ദിനിൽ പുനഃപരിശോധനയിൽ കണ്ടെത്തി. മ്യൂസിയം പൊലീസ് പുറത്ത് വിടാതിരുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിഞ്ഞതാണ് മരണ കാരണമെന്ന വസ്‌തുത പൂർണമായും ഒഴിവാക്കിയിരുന്നു.
പൊലീസിന്‍റെ ഇൻക്വസ്റ്റിൽ കഴുത്തിൽ 31.5 സെന്‍റിമീറ്റർ വലിപ്പത്തിൽ കാണപ്പെട്ട മുറിവുൾപ്പെടെയുള്ള 3 മുറിവുകൾ ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, മൃതദേഹ പരിശോധനയിൽ കണ്ടെത്തിയ അടിവയറ്റിൽ 5 സെന്‍റിമീറ്റർ ആഴത്തിലേറ്റ ക്ഷതം മൃതദേഹ പരിശോധന റിപ്പോർട്ടിൽ രേഖപ്പെടുത്തിയെങ്കിലും ഇൻക്വസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. മൊഴികൾ രേഖപ്പെടുത്തിയ തീയതികളിലും വൈരുധ്യമുണ്ട്.
2019 ഫെബ്രുവരി 24നായിരുന്നു ആൽത്തറ നഗറിലെ വാടക വീട്ടിൽ സിനിമ സഹസംവിധായകയായ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നയനയെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തക്കളാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമേഹരോഗി കൂടിയായിരുന്ന നയന ഷുഗർ കുറഞ്ഞ് കുഴഞ്ഞു വീഴുകയും പരസഹായമില്ലാതെ മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.
നയനയുടെ മരണം സംഭവിച്ച് നാല് വർഷങ്ങൾക്ക് ശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര വീഴ്‌ച പുറത്തായത്. സ്വയം മുറിപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന 'അസ്‌ഫിക്‌സിയോഫിലിയ' എന്ന അപൂർവ അവസ്ഥയിൽ ജീവനൊടുക്കിയെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്. ഇത് പിന്നീട് തള്ളിയിരുന്നു.
സംഭവം വിവദമായതോടെ രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി അജിത്ത്, ഡിസിആർബി അസിസ്റ്റന്‍റ് കമ്മിഷണർ ദിനിലിന് നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസിന്‍റെ വീഴ്‌ച കണ്ടെത്തിയത്.