തിരുവനന്തപുരം : യുവസംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുപ്പിലേക്ക് കടക്കുന്നു. ശനിയാഴ്‌ച മുതൽ ഇത് ആരംഭിക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം. മരണം സംബന്ധിച്ച ആദ്യ അന്വേഷണത്തില്‍ രേഖപ്പെടുത്തിയിരുന്ന എല്ലാവരുടേയും മൊഴി വീണ്ടുമെടുക്കും.
ആദ്യഘട്ട അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിൽ സാക്ഷികൾക്കുള്ള നോട്ടിസ് നൽകി തുടങ്ങി. പുരുഷന്മാരെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയും സ്‌ത്രീകളെ നേരിൽ കണ്ടും കാര്യങ്ങള്‍ ചോദിച്ചറിയാനാണ് തീരുമാനം.
നയനയുടെ സഹോദരൻ മധുവിൻ്റെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. ഇതിനുശേഷം നയന മരിച്ച ദിവസം വീട്ടിൽ എത്തിയ സുഹൃത്തുക്കളില്‍ നിന്ന് വിവരങ്ങള്‍ തേടും.രാസ പരിശോധനാറിപ്പോർട്ട് അടക്കമുള്ള ശാസ്‌ത്രീയ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
മരണം നടന്ന മുറിയിലെ ഫോറൻസിക് പരിശോധനാഫലവും സംഘം വിലയിരുത്തുകയാണ്. ഇതുകൂടാതെ നയന ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും മൊബൈൽ ഫോണും വീണ്ടും ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കാനും ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയിട്ടുണ്ട്.
also read: നയന സൂര്യയുടെ മരണം : തിരുവനന്തപുരത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന
നയനയുടെ മരണസമയത്ത് പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈലും കുടുംബത്തിന് തിരികെ നൽകിയത് മുഴുവൻ ഡേറ്റകളും നശിപ്പിച്ച നിലയിലായിരുന്നു. സാങ്കേതിക സഹായത്തോടെയുള്ള കൂടുതൽ പരിശോധനയിൽ എന്തെങ്കിലും കണ്ടെത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് എസ്. പി മധുസൂദനന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. 2019 ഫെബ്രുവരി 24നാണ് നയന സൂര്യയെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.