തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. 13 പേരാണ് സംഘത്തില്‍. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പി എസ് മധുസൂദനന്‍ സംഘത്തലവനായി തുടര്‍ന്നും പ്രവര്‍ത്തിക്കും.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‌പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എസ് സി ആര്‍ ബി ഡിവൈഎസ്‌പി ആര്‍ പ്രതാപന്‍ നായര്‍, ഡിക്‌റ്റടീവ് ഇന്‍സ്‌പെക്‌ടര്‍മാരായ എച്ച് അനില്‍കുമാര്‍, പിഐ മുബാറക്, സബ് ഇന്‍സ്‌പെക്‌ടര്‍മാരായ ശരത് കുമാര്‍, കെ മണിക്കുട്ടന്‍, ഡിക്‌റ്റടീവ് സബ് ഇന്‍സ്‌പെക്‌ടര്‍ കെജെ രതീഷ് എസ്‌ഐമാരായ ടി രാജ് കിഷോര്‍, കെ ശ്രീകുമാര്‍, സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ അര്‍ഷ ഡേവിഡ്, എ അനില്‍കുമാര്‍, ക്രിസ്റ്റഫര്‍ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.
അതേസമയം, നയന സൂര്യയുടെ മരണ കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘം സര്‍ക്കാരിന് കത്ത് കൈമാറിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മരണ കാരണം വ്യക്തമാക്കാന്‍ ദേശീയ തലത്തില്‍ നിന്നുള്ള വിദഗ്‌ദരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാണ് ആവശ്യം.
കേസിന്‍റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് നയനയെ തിരുവനന്തപുരത്തുള്ള വാടക വീടിനുള്ളില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്.
തുടര്‍ന്നാണ് നയനയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയത്. അതേസമയം, നയന സൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ ഫോറന്‍സിക് മേധാവി കെ ശശികലയും രംഗത്തെത്തിയിരുന്നു. ആത്മഹത്യ എന്ന് നിഗമനമുള്ള മൊഴി പൊലീസിന് നല്‍കിയിരുന്നില്ലെന്നും കൊലപാതക സാധ്യത എന്നായിരുന്നു തന്‍റെ പ്രാഥമിക നിഗമനം, തന്‍റേതെന്ന പേരില്‍ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെകുറിച്ച് അറിയില്ലെന്നുമായിരുന്നു ശശികല വ്യക്തമാക്കിയത്.
നയനയുടെ മരണം കൊലപാതകം എന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.