തിരുവനന്തപുരം: 'ദാ എത്തിപ്പോയി' എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇടവപ്പാതി കേരളത്തെ തഴഞ്ഞ മട്ടാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ എട്ടിന് കേരളത്തിലെത്തി എന്നായിരുന്നു കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പെങ്കിലും അങ്ങിങ്ങ് ഒറ്റപ്പെട്ട മഴയോടെ ആ പ്രതിഭാസത്തിന് വിരാമമായി. ഇനിയും വൈകിയേക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
കാലവസ്ഥ വ്യതിയാനവും കടലിലെ ഉയര്‍ന്ന ഊഷ്‌മാവിന്‍റെ സാന്നിധ്യം കാരണം കാലാവര്‍ഷക്കാറ്റിന് കേരള തീരത്തേക്ക് കടന്നുവരാനാകുന്നില്ല. പുറമെ, ഇടവപ്പാതി കേരളത്തിലെത്താതെ കാണാമറയത്ത് നില്‍ക്കുന്നതെന്നാണ് കാലവസ്ഥ വിദഗ്‌ധരുടെ അഭിപ്രായം. പ്രതിഭാസം ഇതേ നിലയില്‍ തുടര്‍ന്നാല്‍ കേരളത്തിലെ അത്യുഷണം തുടരുമെന്ന് മാത്രമല്ല, രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് പോകുമെന്ന ആശങ്കയുമുണ്ട്.
സാധാരണയായി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്‍റെ ഭാഗമായി ജൂണ്‍ മാസം ആദ്യ വാരം കേരളത്തില്‍ 120.6 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍, വെറും 34.1 മില്ലി മീറ്റര്‍ മഴ മാത്രമാണ് ജൂണ്‍ ഏഴുവരെ കേരളത്തില്‍ ലഭിച്ചിരിക്കുന്നത് - 72 ശതമാനം കുറവ്.
കാസര്‍ഗോഡ് ജില്ലയിലാണ് രൂക്ഷമായ മഴക്കുറവ് രേഖപ്പെടുത്തിയത്. 154.4 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതിന്‍റെ സ്ഥാനത്ത് ജില്ലയില്‍ വെറും അഞ്ച് മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇതുവരെ ലഭിച്ചത് - 97 ശതമാനം മഴക്കുറവ്. മഴക്കുറവുമായി തൊട്ടുപിന്നിലുള്ളത് തൃശൂര്‍ ജില്ലയാണ്. ഇവിടെ 90 ശതമാനം മഴക്കുറവാണ് ജൂണ്‍ ആദ്യവാരം രേഖപ്പെടുത്തിയത്. 140.4 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടതിന്‍റെ സ്ഥാനത്ത് ലഭിച്ചത് 13.8 മില്ലീമീറ്റര്‍ മഴ മാത്രം. മഴക്കുറവില്‍ മൂന്നാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്. ഇവിടെ 87 ശതമാനമാണ് മഴക്കുറവ്.
അതേസമയം, ഇത്രയധികം മഴക്കുറവ് സംസ്ഥാനം നേരിടുമ്പോഴും പത്തനംതിട്ട ജില്ലയില്‍ ലഭിക്കേണ്ടിയിരുന്നതിന്‍റെ 97.5 ശതമാനം മഴയും ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ജില്ലകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ഏഴ് വരെ (ആദ്യവാരം) ലഭിക്കേണ്ടിയിരുന്ന മഴയുടേയും മഴക്കുറവിന്‍റേയും കണക്ക്. ജില്ല, യഥാര്‍ഥത്തില്‍ ലഭിച്ച മഴ, കിട്ടേണ്ടിയിരുന്ന മഴ, മഴക്കുറവ് (ശതമാനത്തില്‍).
ആലപ്പുഴ | 57 മില്ലി.മീറ്റര്‍ | 129.8 മി.മീ | 72 |
കണ്ണൂര്‍ | 25.3 മി.മീ | 146.3 മി.മീ | 78 |
എറണാകുളം | 36.8 മി.മീ | 120.8 മി.മീ | 70 |
ഇടുക്കി | 36.8 | 120.8 | 70 |
കാസര്‍ഗോട് | 5 | 154.4 | 97 |
കൊല്ലം | 68.5 | 106.3 | 36 |
കോട്ടയം | 58.8 | 106.3 | 59 |
കോഴിക്കോട് | 24.1 | 171.6 | 86 |
മലപ്പുറം | 20.1 | 106.9 | 81 |
പാലക്കാട് | 9.5 | 70.5 | 87 |
പത്തനംതിട്ട | 97.5 | 113.5 | 14 |
തിരുവനന്തപുരം | 28.5 | 89.5 | 68 |
തൃശൂര്‍ | 13.8 | 140.4 | 90 |
വയനാട് | 30.1 | 87 | 65 |
കാലവര്‍ഷം വൈകിയത് നാലുദിവസം: നേരത്തെ പ്രവചിച്ചതില്‍ നിന്നും നാല് ദിവസം വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. ജൂണ്‍ നാലിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എന്നാല്‍, കടലില്‍ ചൂട് കൂടുതലായതും കടല്‍ക്കാറ്റ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുകൂലമാകാത്തതുമാണ് കാലവര്‍ഷം വൈകിയതിന് കാരണം. മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങിയതും കാലവര്‍ഷം എത്തുന്നതിന് സഹായകമായി.
ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി മിനിക്കോയ് ദ്വീപില്‍ നിന്നും കാലവര്‍ഷക്കാറ്റ് മുന്നോട്ട് പോവുന്നതില്‍ തടസമുണ്ടാകുന്ന സാഹചര്യമുണ്ടായി. ചുഴലിക്കാറ്റ്, തീവ്രചുഴലിക്കാറ്റായി വടക്കുപടിഞ്ഞാറ് ദിശയില്‍ അകന്നുപോകാൻ തുടങ്ങിയതോടെയാണ് ഏതാനും ദിവസമായി ലക്ഷദ്വീപിലെത്തി നില്‍ക്കുന്ന കാലവര്‍ഷക്കാറ്റ് കേരളത്തിലേക്ക് പ്രവേശിച്ചത്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്ന് നേരത്തേ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചത്.