തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ യോഗ നടപടികൾ പ്രസിദ്ധീകരിക്കുന്നതിൽ വരുത്തിയ വീഴ്‌ചയിൽ ഇടപെട്ട് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. ഭരണ സമിതി യോഗ തീരുമാനങ്ങളും നടപടി ക്രമങ്ങളും(മിനുട്‌സ്) രേഖപ്പെടുത്താനായി വികസിപ്പിച്ച സകർമ സോഫ്റ്റ്‌വെയറിൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സകർമ സോഫ്റ്റ്‌വെയർ ബാധകമായിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമയബന്ധിതമായി വിവരങ്ങൾ രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
നടപടി ഇടിവി ഭാരത് വാർത്തയെ തുടർന്ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭരണസമിതി യോഗങ്ങളുടെ നടപടിക്രമങ്ങൾ സകർമ എന്ന സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തി പ്രസിദ്ധീകരിക്കണം എന്നാണ് ചട്ടം.
എന്നാൽ കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ ഭൂരിഭാഗവും ബോധപൂർവമായി ഇതിൽ വീഴ്ച വരുത്തുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ ഭരണസമിതി യോഗങ്ങളുടെ നടപടിക്രമങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്താത്തത് ഇടിവി ഭാരത് പുറത്തുകൊണ്ടുവന്നിരുന്നു.
സകർമയിൽ യോഗവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് കർശനമാക്കി
മിനിട്‌സുകൾ യഥാസമയം സെർവറിൽ പ്രസിദ്ധീകരിച്ചാൽ വിവരങ്ങൾ എല്ലാവർക്കും അറിയാൻ കഴിയും. പദ്ധതികളിൽ ഇരട്ടിപ്പ് വന്നാൽ കണ്ടെത്താനും കഴിയും. എന്നാൽ ക്രമക്കേടുകൾ കാട്ടി സാമ്പത്തിക നേട്ടമുണ്ടാക്കാൻ കൃത്രിമമായി എഴുതിച്ചേർക്കുന്ന വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നും ഭരണ സമിതി അംഗങ്ങളിൽ നിന്നും മറച്ചുവയ്ക്കാനാണ് യോഗ വിവരങ്ങൾ പരസ്യപ്പെടുത്താത്തത്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ വിവിധ തദ്ദേശസ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മിനുട്‌സ് സെർവറിൽ രേഖപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെ വീഴ്‌ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
സകർമയിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ രണ്ടുമാസത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ സെക്രട്ടറിയുടെ മേൽ നടപടി എടുക്കാനും മന്ത്രി നിർദേശം നൽകി.
Also Read: ETV BHARAT IMPACT: സകർമ തിരിമറിയിൽ നടപടിയുമായി ഗ്രാമവികസന വകുപ്പ്