തിരുവനന്തപുരം: 15-ാം നിയമസഭയില്‍ സി.പി.എം അംഗം എം.ബി. രാജേഷ് സ്പീക്കറും സി.പി.ഐയിലെ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറുമാവും. പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ജയിച്ച് എംപിയായ എംബി രാജേഷ് ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതും ജയിക്കുന്നതും. തൃത്താല മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വിടി ബല്‍റാമിനെ പരാജയപ്പെടുത്തിയാണ് അൻപതുകാരനായ എംബി രാജേഷ് നിയമസഭയിലെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ അദ്ദേഹം ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് പൊതു രംഗത്തേക്ക് പ്രവേശിച്ചത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ചളവറ സ്വദേശിയായ എംബി രാജേഷ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലും 2014ലും പാലക്കാട് നിന്ന് പാര്‍ലമെന്‍റ് അംഗമായി.
also read: പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്, അത് നന്നായി ചെയ്‌തു: കെകെ ശൈലജ
കഴിഞ്ഞ പത്ത് വര്‍ഷം അടൂരിന്‍റെ എംഎല്‍എ ആയിരുന്ന ചിറ്റയം ഗോപകുമാറിന് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. ടി. ഗോപാലകൃഷ്ണന്‍റെയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മേയ് 31ന് ചിറ്റയം ഗ്രാമത്തില്‍ ജനിച്ച കെ.ജി. ഗോപകുമാര്‍ എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.
എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം, എഐടിയുസി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ല്‍ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായി.
also read: കെകെ ശൈലജ നിയമസഭാ വിപ്പ്; പുതുമുഖങ്ങളുമായി രണ്ടാം പിണറായി സർക്കാർ
സംവരണ മണ്ഡലമായ അടൂരില്‍ 2011ല്‍ ആദ്യ അങ്കത്തിനിറങ്ങിയ ചിറ്റയം കോണ്‍ഗ്രസിലെ പന്തളം സുധാകരനെ തോല്‍പ്പിച്ചാണ് എംഎല്‍എ ആയത്. തുടര്‍ന്ന് 2016ല്‍ കെ.കെ. ഷാജുവിനെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു. 2021ല്‍ കോൺഗ്രസിലെ എംജി കണ്ണനെ പരാജയപ്പെടുത്തിയാണ് ചിറ്റയം ഗോപകുമാർ മൂന്നാമതും നിയമസഭയിലെത്തിയത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരളസര്‍വകലാശാല സെനറ്റ് അംഗവുമാണ്.