തിരുവനന്തപുരം : പുസ്‌തക മേളകളാണ് മാർട്ടിനെന്ന എഴുത്തുകാരന്‍റെ പ്രധാന ഊർജം. ബി ഫോർ എവെർ എന്ന തന്‍റെ പുസ്‌തക പ്രസാധനത്തിലൂടെ പുറത്തിറക്കിയ രചനകളുടെ വിപണന കേന്ദ്രങ്ങളായി ഈ എഴുത്തുകാരൻ തെരഞ്ഞെടുത്തത് കേരളത്തിലെ വിവിധയിടങ്ങളിൽ നടക്കുന്ന അക്ഷരോത്സവ വേദികളെയാണ്. ഇതിനോടകം 35 പുസ്‌തകങ്ങൾക്ക് ഇദ്ദേഹം തൂലിക ചലിപ്പിച്ചിട്ടുണ്ട്.
നോവൽ, ചെറുകഥ, കവിതകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പി.എം തൃപ്പൂണിത്തുറ എന്ന തൂലികാനാമത്തിലാണ് ഇദ്ദേഹം രചനകള്‍ നിര്‍വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ പുസ്‌തകങ്ങൾ മേളയിലുണ്ടെന്നറിഞ്ഞാൽ തേടി എത്തുന്നവരുമുണ്ട്.
നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്‍റെ രണ്ടാം പതിപ്പിൽ ഇതിനകം ആയിരക്കണക്കിന് പേരാണ് സ്‌റ്റാളുകൾ സന്ദർശിക്കാൻ എത്തിയത്. പുസ്‌തകോത്സവത്തിന്‍റെ ആദ്യ പതിപ്പില്‍ ഏഴര കോടിയുടെ പുസ്‌തകങ്ങളായിരുന്നു വിറ്റുപോയത്. പുതിയ എഴുത്തുകാരെ മുന്നോട്ടുകൊണ്ടുവരുന്ന ഇടത്തരം പ്രസാധകർക്ക് കൈത്താങ്ങാവുന്നത് പുസ്‌തക മേളകളാണെന്ന് സ്‌റ്റാളുടമകൾ പറയുന്നു.
അറിയാം ഈ കണ്ണൂരിലെ എഴുത്തുകാരനെ: സുരേഷ് ബാബു എന്ന കണ്ണൂരിലെ എഴുത്തുകാരന്‍റെ കൃതികളൊന്നും ബുക്‌സ്‌റ്റാളുകള്‍ വഴി വില്‍പ്പന നടത്തുന്നവയല്ല. വായനക്കാരുമായി സംവദിച്ച് വില്‍പ്പന നടത്തുന്നതാണ് അദ്ദേഹത്തിന് പ്രിയം. വായനക്കാരുടെ നിര്‍ദേശങ്ങള്‍ നേരിട്ട് അറിയാനും എഴുത്തിൽ അതിനനുസൃതമായി മാറ്റം വരുത്താന്നും ഈ രീതി സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.നിലവിൽ എട്ട് പുസ്‌തകങ്ങളാണ് സുരേഷ് ബാബു രചിച്ചിരിക്കുന്നത്.
സുരേഷ് ബാബുവിന്‍റെ ലക്ഷ്യം സാമ്പത്തിക നേട്ടമല്ല, അതിലുപരിയായി അക്ഷരങ്ങള്‍ വായനക്കാരിലേക്ക് നേരിട്ട് എത്തിക്കുക എന്നതാണ്. കണ്ണൂർ ജില്ലയ്‌ക്ക് അകത്തും പുറത്തുമുള്ള സ്‌കൂളുകളിലും, സ്ഥാപനങ്ങളിലും നേരിട്ടെത്തി തന്നെയാണ് സുരേഷ് പുസ്‌തക വില്‍പ്പന നടത്തുന്നത്.
സുരേഷ് ബാബുവിന്‍റെ ഭൂരിഭാഗം നോവലുകളും സ്‌ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ്. അദ്ദേഹത്തിന്‍റെ പുതിയ രചനയായ 'ദീർഘ സുമംഗലീ ഭവഃ' പ്രകാശനത്തിനായി ഒരുങ്ങുകയാണ്.
പെണ്‍കുട്ടികളെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു കൊടുക്കുമ്പോള്‍ ജോലിയും നിറവും കുടുംബ മഹിമയും മാത്രം നോക്കിയാല്‍ പോരെന്നും അവരെ ജീവിതത്തിലെ ഏത് പ്രത്യാഘാതങ്ങളും നേരിടാനും ആത്മവിശ്വാസത്തോടെ മുന്നേറാനും പ്രാപ്‌തരാക്കുകയും കൂടി വേണമെന്നും ഈ താല്‍പര്യം ഓരോ രക്ഷിതാവിനും ഉണ്ടായിരിക്കണമെന്നുമാണ് - സുരേഷ് ബാബു തന്‍റെ വായനക്കാരോട് ഈ പുസ്‌തകത്തിലൂടെ പറയുന്നത്.
നോവ്, ഞാന്‍ അഭിമന്യു, അരുതായ്‌മകള്‍, പ്രാര്‍ഥന, ഇദം നമ മ, ആള്‍ദൈവം, മഹാശയൻ തുടങ്ങിയ വേറിട്ട പ്രമേയങ്ങളില്‍ അദ്ദേഹം നോവലുകള്‍ എഴുതിയിട്ടുണ്ട്. തന്‍റെ ജീവിതാനുഭവങ്ങളാണ് സൃഷ്‌ടികൾക്ക് ആധാരമാകുന്നതെന്ന് പറയുന്ന ഈ എഴുത്തുക്കാരൻ തന്‍റെ തൂലിക സമൂഹത്തിലേക്ക് നീളുന്ന ചൂണ്ടുവിരലായി എന്നും നിലകൊള്ളുമെന്നും ഉറക്കെ പറയുന്നു.
കണ്ണൂരിലെ പാനൂരിനടുത്ത് ചെണ്ടയാട് സ്വദേശിയായ ഇദ്ദേഹം റിട്ടയേഡ് പോസ്‌റ്റ് മാസ്‌റ്റര്‍ ആണ്. ഈ ഗ്രന്ഥകാരന് അക്രമരാഷ്‌ട്രീയത്തിൽ മേഖല കലുഷിതമായിരുന്ന ഘട്ടത്തില്‍ 1999 ഡിസംബര്‍ ഒന്നിന് ആളുമാറി ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.