തിരുവനന്തപുരം: കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം കോർപറേഷന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. ഈ മാസം 19നാണ് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്നത്. താത്‌കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ല സെക്രട്ടറിക്ക് മേയര്‍ കത്തയച്ച സംഭവം വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് 35 ബിജെപി കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് മേയര്‍ക്ക് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ തീരുമാനിച്ചത്. ബിജെപി ആവശ്യപ്പെട്ട ദിവസത്തിനും മുന്‍പായാണ് കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കുന്നത്.
Also Read: 'മേയർ രാജിവെക്കണം'; നഗരസഭ കെട്ടിടത്തിന് മുകളിൽ കയറി ബിജെപിയുടെ പ്രതിഷേധം
കത്ത് വിവാദത്തില്‍ ദിവസങ്ങളായി പ്രതിപക്ഷ കക്ഷികള്‍ ശക്തമായ സമരമാണ് നടത്തുന്നത്. ഇതുമൂലം കോർപറേഷനില്‍ എത്തുന്നവരടക്കം ബുദ്ധിമുട്ടിലാകുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രത്യേക കൗണ്‍സില്‍ വിളിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തില്‍ ഭരണ മുന്നണി എത്തിയിരിക്കുന്നത്.