തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ പ്രചരണം നടത്താൻ ഇടതുമുന്നണി തീരുമാനം. തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 7, 8, 9 തീയതികളിൽ പ്രചരണ ജാഥ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വർക്കല മുതൽ വിഴിഞ്ഞം വരെയാണ് പ്രചരണ ജാഥ നടത്തുക.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഇടത് നേതാക്കളാകും ജാഥ നയിക്കുക. വികസനം, സമാധാനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ജാഥയുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് വർക്കലയിൽ നിർവഹിക്കും. ജില്ലയിലെ പ്രചരണത്തിനു ശേഷം ഒൻപതിന് സമാപിക്കുന്ന ജാഥയുടെ സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.