തിരുവനന്തപുരം : കെഎസ്ആർടിസിയിൽ രണ്ട് മാസമായി മുടങ്ങിയ പെൻഷൻ വിതരണം ആരംഭിച്ചു. ജൂലൈ, ഓഗസ്റ്റ് മാസത്തെ പെൻഷൻ തുക അര്‍ഹരായവര്‍ക്ക് ഒരുമിച്ച് നൽകുകയാണ്. കെഎസ്ആർടിസിയിൽ നിലവിൽ 41,000 പെൻഷൻകാരാണുള്ളത്. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കമാണ് കെഎസ്ആർടിസിയിൽ രണ്ട് മാസമായി പെൻഷൻ മുടങ്ങാൻ കാരണം.
പെൻഷൻ വിതരണം നടത്തുന്നതിന് സഹകരണ കൺസോർഷ്യം നൽകുന്ന പലിശയെ ചൊല്ലിയായിരുന്നു തർക്കം. എന്നാൽ പലിശ നിരക്ക് എട്ടരയിൽ നിന്ന് എട്ടാക്കി കുറയ്ക്കാൻ തയാറായതോടെയാണ് പുനരാരംഭിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ പൂർത്തിയാകുമെന്ന് സഹകരണ കൺസോർഷ്യം അറിയിച്ചു.
അതേസമയം, സെപ്റ്റംബര്‍ 1ന് മുൻപ് രണ്ട് മാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവബത്തയും നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി ആന്‍റണി രാജുവും കെഎസ്ആര്‍ടിസി, സിഎംഡി ബിജു പ്രഭാകറും ചര്‍ച്ച നടത്തും. ശമ്പളം നല്‍കാന്‍ 103 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഈ തുക ഇതുവരെ സര്‍ക്കാര്‍ കൈമാറിയിട്ടില്ല. ഓണത്തിന് മുമ്പ് ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ സാധ്യത തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍.