തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി തൊഴിലാളികളുടെ പ്രതിഷേധം. മറ്റ് സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് ബോണസും ആനുകൂല്യങ്ങളും നൽകുമ്പോൾ കെഎസ്ആർടിസി ജീവനക്കാർക്ക് മാത്രം ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നാന്ന് പരാതി. കെഎസ്ആർടിസി തൊഴിലാളികളോട് ധനകാര്യ വകുപ്പ് വിവേചനം കാണിക്കുകയാണെന്നും തൊഴിലാളികൾ ആരോപിച്ചു.
ഓഗസ്റ്റ് 28 മുതൽ സെപ്തംബർ രണ്ട് വരെ തുടർച്ചയായി അവധി ദിനങ്ങളാണ്. ധനകാര്യ വകുപ്പ് നടപടി വൈകിപ്പിച്ചതിനാലാണ് ആനുകൂല്യങ്ങൾ ലഭിക്കാത്തതെന്നും തൊഴിലാളികൾ ആരോപിച്ചു. കെ.എസ്.ടി എംപ്ലോയിസ് സംഘ് ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധിച്ചു.
അതേ സമയം ബാങ്കിൽ നിന്നും ഓവർ ഡ്രാഫ്റ്റ് എടുത്ത് അഡ്വാൻസ് നൽകാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്. ബോണസും അലവൻസും നൽകാൻ കെഎസ്ആർടിസി ആദ്യം നൽകിയ ഫയൽ ധനകാര്യ വകുപ്പ് മടക്കി. വീണ്ടും നൽകിയ ഫയൽ പരിഗണനയിലാണ്. സർക്കാർ സഹായമായ 65 കോടിയിൽ നിന്നാണ് കെഎസ് ആർടിസിയിൽ ശമ്പളം നൽകുന്നത്.