തിരുവനന്തപുരം : വൈദ്യുതി ബോർഡ് മാനേജ്‌മെന്‍റിനും സിഎംഡി ബി.അശോകിനുമെതിരെ സിപിഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. അതേസമയം വൈദ്യുതി ഭവന് മുന്നില്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം വികേന്ദ്രീകരിച്ച് ജനങ്ങളിലേക്ക് കൊണ്ടുപോകാനാണ് സംഘടനയുടെ തീരുമാനമെന്ന് ജനറൽ സെക്രട്ടറി ബി.ഹരികുമാർ അറിയിച്ചു.
മെയ് 16നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും നിരാഹാര സത്യഗ്രഹത്തിലേക്കും നീങ്ങും. നാളെ മുതല്‍ മെയ് 2 വരെ ജനപ്രതിനിധികളെയടക്കം കണ്ട് വിശദീകരണ കുറിപ്പ് നല്‍കും. മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് 2 മേഖല ജാഥകള്‍ തുടങ്ങും. മെയ് 2ന് കാസര്‍കോട് നിന്നും മെയ് മൂന്നിന് എറണാകുളത്ത് നിന്നും ആരംഭിക്കുന്ന ജാഥകള്‍ മെയ് 14ന് തിരുവനന്തപുരം വൈദ്യുതി ഭവനില്‍ സമാപിക്കുമെന്നും ഓഫിസേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
സമര നിരോധന ഉത്തരവ് അവഗണിച്ച് കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളഞ്ഞിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള 1500ലേറെ പ്രവർത്തകർ പങ്കെടുത്തു. അതേസമയം നാളെ ഓഫിസര്‍മാരുടെ എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്താമെന്നാണ് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി വ്യക്തമാക്കിയത്.
രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച. എന്നാൽ ഓഫിസേഴ്‌സ് അസോസിയേഷനെതിരെ കൂടുതല്‍ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ് കെ.എസ്.ഇ.ബി. സത്യഗ്രഹ സമരത്തിന്‍റെ ഭാഗമായി ബോര്‍ഡ് യോഗത്തിലേക്ക് തള്ളിക്കയറിയ 18 പേർക്കെതിരെ ചീഫ് വിജിലന്‍സ് ഓഫിസർ നടപടിക്ക് ശിപാർശ ചെയ്‌തു. ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനവും ഉടനുണ്ടാകാനാണ് സാധ്യത.