തിരുവനന്തപുരം : വരേണ്യ വർഗത്തോട് മാത്രം കാര്യങ്ങൾ ചർച്ച ചെയ്‌താൽ മതിയെന്നതാണ് സിപിഎമ്മിൻ്റെ ഇപ്പോഴത്തെ നിലപാടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ പൗരപ്രമുഖരോട് മാത്രമാണ് മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നത്. അവരുടെ താൽപര്യം മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. അടിസ്ഥാന ജനവിഭാഗത്തെ മറന്നാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. നിയമസഭയിൽ ജനപ്രതിനിധികളോട് പോലും വിഷയം ചർച്ച ചെയ്യാൻ തയാറായിട്ടില്ല. കേരള ജനതയെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതേ നിലപാട് തുടർന്നാൽ ഇപ്പോൾ പിണറായി വിജയനെയും വിമർശിക്കേണ്ട അവസ്ഥയിലാണ്.
സർക്കാർ വരേണ്യ വർഗത്തെ മാത്രം കാണുമ്പോൾ യുഡിഎഫ് സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കും. സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ യുഡിഎഫ് നേതാക്കൾ സന്ദർശനം നടത്തും. ബുധനാഴ്‌ച യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തരയോഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.