തിരുവനന്തപുരം: കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അനില്‍കുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിലേക്ക് പോയി.
തന്‍റെ രക്തത്തിനു വേണ്ടി കോണ്‍ഗ്രസിലെ പലരും ദാഹിക്കുമ്പോള്‍, അത്തരത്തില്‍ പിന്നില്‍ നിന്നു കുത്തേറ്റു മരിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട് 43 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് താന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും വട്ടിയൂര്‍കാവില്‍ മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനില്‍കുമാര്‍ നേതൃത്വത്തോട് സമ്മതം മൂളിയെങ്കിലും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ രണ്ടു മണ്ഡലങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടു.
ഇതോടെ നേതൃത്വവുമായി ഇടഞ്ഞ അനില്‍കുമാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. പുനഃ സംഘടനയില്‍ കോഴിക്കോട് ഡി.സിസി പ്രസിഡന്‍റ് പദത്തിനു ശ്രമിച്ചെങ്കിലും പിന്തുണ ലഭിച്ചില്ല. ഡി.സി.സി അധ്യക്ഷന്മാരുടെ പുതിയ പട്ടിക പുറത്തു വന്നതോടെ നേതൃത്വത്തിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ച അനില്‍കുമാര്‍ നേതാക്കന്മരുടെ പെട്ടിയെടുപ്പുകാരെയാണ് ഡി.സി.സി അധ്യക്ഷന്‍മാരാക്കിയതെന്ന് ആരോപിച്ചിരുന്നു.
also read: കൂടുതല്‍ ഇളവുകളിലേക്ക് കേരളം; അവലോകന യോഗത്തിൽ അന്തിമ തീരുമാനം
നിമിഷങ്ങള്‍ക്കകം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അനില്‍കുമാറിനോട് വിശദീകരണം തേടിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ അച്ചടക്ക നടപടി ഉറപ്പായ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.