തിരുവനന്തപുരം : മാഗ്‌സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമെന്ന് മുൻ മന്ത്രി കെകെ ശൈലജ. കേന്ദ്ര - സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്‌താണ് തീരുമാനമെടുത്തതെന്നും ശൈലജ പറഞ്ഞു. മാഗ്‌സസെ അവാർഡ് വിവാദത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. താൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. കേന്ദ്ര കമ്മിറ്റിയുമായി വിഷയം ചർച്ച ചെയ്‌തിരുന്നു. രാഷ്ട്രീയ നേതാക്കളെ മാഗ്‌സസെ അവാർഡിന് പരിഗണിക്കുന്നത് പതിവില്ല. ഇത്തരം എൻജിഒകൾ നൽകുന്ന അവാർഡുകൾ സ്വീകരിക്കേണ്ടതില്ലെന്നാണ് തീരുമാനം. അവാർഡ് കമ്മിറ്റിയോട് നന്ദി രേഖപ്പെടുത്തുന്നു. പുരസ്‌കാരം നിരസിക്കുന്നതായും ശൈലജ അറിയിച്ചു.
നിപാ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ കണക്കിലെടുത്താണ് ശൈലജയെ അവാർഡിന് തെരഞ്ഞെടുത്തത്. ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മാഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനാണ് കെകെ ശൈലജയെ പരിഗണിച്ചത്. എന്നാൽ, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് പാർട്ടി വിലയിരുത്തൽ. കൂടാതെ രമണ്‍ മാഗ്‌സസെ കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയ ഭരണാധികാരിയാണെന്ന് വിലയിരുത്തിയുമാണ് നടപടി.