തിരുവനന്തപുരം : കേരള പിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്‌ച 'കേരളീയം' എന്ന പേരില്‍ തലസ്ഥാനത്ത് മലയാളത്തിന്‍റെ മഹോത്സവം സംഘടിപ്പിക്കും (Keraleeyam Kerala Day Celebration). കേരളം ആര്‍ജിച്ച നേട്ടങ്ങൾ, സാംസ്‌കാരിക തനിമ എന്നിവ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. അതിനായി വ്യത്യസ്‌തമായ പരിപാടികളാണ് ഒരുക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെയാണ് കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറുക (A week long Celebration for Kerala Day).
ലോകത്തിലെ വിവിധ ചിന്തകരെയും വിദഗ്‌ധരെയും ഉള്‍പ്പെടുത്തി, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്‍റെ പ്രധാന അജണ്ട. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഈ സെമിനാറുകളിൽ പ്രതിഫലിക്കും. ഒപ്പം ഭാവി കേരളത്തിനുള്ള മാര്‍ഗരേഖ തയാറാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
അഞ്ച് ദിനങ്ങളിലായി 25 അന്താരാഷ്‌ട്ര സെമിനാറുകളാണ് നടത്തുന്നത്. ഇതോടൊപ്പം കേരളത്തിന്‍റെ നേട്ടങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന എക്‌സിബിഷനുകളും ഉണ്ടാകും. പത്തോളം പ്രദര്‍ശനങ്ങള്‍ വിവിധ വേദികളിലായി നടത്തും. തലസ്ഥാന നഗരമാകെ ഒരു പ്രദര്‍ശന വേദിയാകുന്ന പ്രതീതിയാകും മഹോത്സവം സൃഷ്‌ടിക്കുക.
കല - സാംസ്‌കാരിക പരിപാടികള്‍, ട്രേഡ് ഫെയറുകള്‍, ഫ്ളവര്‍ ഷോ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ സംസ്‌കാരം വിളിച്ചോതുന്ന ഭക്ഷ്യമേളയും ഒരുക്കും. തിരുവനന്തപുരം നഗരത്തെയാകെ ദീപാലങ്കൃതമാക്കിയും ചരിത്ര സ്‌മാരകങ്ങളെ അലങ്കരിച്ചും വര്‍ണകാഴ്‌ച ഒരുക്കും. കേരള നിയമസഭ മന്ദിരത്തില്‍ കഴിഞ്ഞ തവണ വിജയകരമായി നടത്തിയ പുസ്‌തകോത്സവം ഇത്തവണ കേരളീയത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും.
കളറായി ഓണം വാരാഘോഷം : ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സംസ്ഥാനത്ത് ഈ വർഷം നടന്നത്. ഓഗസ്റ്റ് 27 നാണ് സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് തുടക്കമായത്. വാരാഘോഷത്തിന്‍റെ സമാപനവും മികച്ചതായിരുന്നു. കുടുംബസമേതമാണ് ഓണം വാരാഘോഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്.
വാദ്യോപകരണമായ കൊമ്പ്, ഘോഷയാത്രയുടെ പ്രധാന കലാകാരന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കൈമാറിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങിൽ സ്‌പീക്കർ എ എൻ ഷംസീറായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്. ഇത്തവണ ഘോഷയാത്രയിൽ അണിനിരന്നത് 3000ത്തോളം കലാകാരന്മാരും 60 ഫ്ളോട്ടുകളുമാണ്.
സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെയും മറ്റ് സേനകളുടെയും ഫ്ലോട്ടുകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മന്‍കുടം എന്നീ കലാരൂപങ്ങളും ഒപ്പം ചെണ്ടമേളം, പഞ്ചവാദ്യം, ശിങ്കാരിമേളം, ബാൻഡ്മേളം, പെരുമ്പറ മേളങ്ങൾ എന്നിവയും ഘോഷയാത്രയ്‌ക്ക് അകമ്പടിയേകി.