തിരുവനന്തപുരം : അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേക്ക് നിരക്കുവര്‍ധനയ്ക്കുള്ള പെറ്റീഷനുമായാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചതെങ്കിലും 2023 നവംബര്‍ 1 മുതല്‍ 2024 ജൂണ്‍ വരെ നിരക്ക് വര്‍ധനയ്ക്കുള്ള അനുമതിയാണ് ലഭിച്ചത്. ഒക്ടോബര്‍ 31 ന് രാത്രിയോടെ നവംബര്‍ 1ന് പ്രാബല്യത്തിലാകുന്ന തരത്തില്‍ റെഗുലേറ്ററി കമ്മിഷന്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കാനിരുന്നതാണെങ്കിലും കേരളീയത്തിന്‍റെ മാറ്റുകുറയുമോ എന്ന സംശയത്തില്‍ അവസാന നിമിഷം സര്‍ക്കാര്‍ ഇടപെട്ട് നിരക്കുവര്‍ധന മാറ്റിവയ്ക്കുകയായിരുന്നു (Power Tariff Hiked in Kerala).
2023-24 ല്‍ യൂണിറ്റിന് 40.6 പൈസയുടെയും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 31 പൈസയുടെയും 2025-26 വേളയില്‍ 16.8 പൈസയുടെയും 2026-27 കാലയളവില്‍ യൂണിറ്റിന് 1 പൈസയുടെയും വര്‍ധനയ്ക്കുള്ള അനുമതിയാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി. 2024 ജൂലൈ മുതലുള്ള നിരക്കുവര്‍ധനയ്ക്ക് അടുത്ത വര്‍ഷം കെഎസ്ഇബി വീണ്ടും റെഗുലേറ്ററി കമ്മിഷനെ സമീപിക്കേണ്ടി വരും (20 paisa will be increased for 1 unit).
കെഎസ്ഇബി അവകാശപ്പെട്ട റെവന്യൂ കമ്മി കണക്കും റെഗുലേറ്ററി കമ്മിഷന്‍ തള്ളി. കെഎസ്ഇബിയുടെ റവന്യൂ കമ്മി 1487 കോടി രൂപയാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇതില്‍ 753 കോടി രൂപ ട്രൂയിംഗ് അപ് ഉത്തരവുപ്രകാരം അധികവരുമാനമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇതോടെ കെഎസ്ഇബിയുടെ യഥാര്‍ഥ കമ്മി 734 കോടി രൂപ എന്ന നിഗമനത്തില്‍ കമ്മിഷന്‍ എത്തി (KSEB And Regulatory Commission).
Also Read : വൈദ്യുതി നിരക്ക് വര്‍ധന; യൂണിറ്റിന് 30 പൈസ കൂടി; 40 യൂണിറ്റ് വരെ വര്‍ധനയില്ല
ഇത് നികത്തുന്നതിന് യൂണിറ്റിന് 28 പൈസയുടെ വര്‍ധന വേണ്ടിയിരുന്നെങ്കിലും 20 പൈസയുടെ വര്‍ധന മാത്രമേ അംഗീകരിച്ചിട്ടുള്ളൂ എന്ന് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതിലൂടെ കെഎസ്ഇബിക്ക് ലഭിക്കുന്ന അധികലാഭം 531 കോടി രൂപയായിരിക്കുമെന്നും കമ്മിഷന്‍ പറയുന്നു. കമ്മിഷന്‍ അംഗീകരിച്ച പുതുക്കിയ വൈദ്യുതി താരിഫ് പ്രകാരം ഉപഭോക്താക്കള്‍ക്ക് പരമാവധി 10 രൂപ മുതല്‍ 100 രൂപ വരെ പ്രതിമാസ വര്‍ധനയുണ്ടാകും.
കേരളത്തില്‍ വൈദ്യുതി നിരക്ക് രണ്ടുമാസത്തിലൊരിക്കലാണ് ഈടാക്കുന്നതെന്നത് കണക്കിലെടുത്താല്‍ ഇനി മുതല്‍ ഓരോ തവണയും വൈദ്യുതി ബില്ലില്‍ 20 മുതല്‍ 200 രൂപ വരെ ഓരോ ഉപഭോക്താവിനും വര്‍ധിക്കും.
സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്ക് ഓരോ സ്ലാബിനും ഉണ്ടാകുന്ന പ്രതിമാസ വര്‍ധന ഇപ്രകാരമായിരിക്കും. 0-40 വരെ വര്‍ധനയില്ല, 0-50 വരെ 2.50 രൂപ വര്‍ധിക്കും, 51-100 സ്ലാബില്‍ 7.50 രൂപയും 101-150ല്‍ 15 രൂപയും 151-200 ല്‍ 25 രൂപയും 201-250ല്‍ 65 രൂപയുമായിരിക്കും. ഓരോ തവണ വൈദ്യുതി ബില്ലിലും വര്‍ധന ഇതിന്‍റെ ഇരട്ടിയാകും.
250 ന് മുകളില്‍ യൂണിറ്റ് പ്രതിമാസ വൈദ്യുതി ഉപഭോഗത്തിന് മുഴുവന്‍ യൂണിറ്റിനും ഒറ്റ നിരക്കാണ്. ഇതനുസരിച്ച് ഈ സ്ലാബില്‍ പെടുന്നവര്‍ക്കുള്ള വര്‍ധന ഇപ്രകാരമായിരിക്കും:
0-300 യൂണിറ്റ് ഉപയോഗിക്കുന്ന സ്ലാബിന് പ്രതിമാസം 60 രൂപയും 0-350 സ്ലാബിന് പ്രതിമാസം 87.5 രൂപയും 0-400 യൂണിറ്റ് സ്ലാബിന് 100 രൂപയും 0-500 യൂണിറ്റ് സ്ലാബിന് 150 രൂപയും 500 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓരോ യൂണിറ്റിനും 2.60 രൂപയും നല്‍കണം.
ഇവിടെയും വൈദ്യുതി ബില്‍ രണ്ട് മാസത്തിലൊരിക്കലാകുമ്പോള്‍ ഓരോ ബില്ലിലും ഇരട്ടി തുക വര്‍ധിക്കും. വൈദ്യുതി ചാര്‍ജിന് പുറമെ ഫിക്‌സഡ് ചാര്‍ജ് വര്‍ധനയ്ക്കും കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞതെല്ലാം സിംഗിള്‍ഫേസ് ഗാര്‍ഹിക ഉപഭോക്താക്കളുടേതാണ്. ഫിക്‌സഡ് ചാര്‍ജ് വര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ ഓരോ ഉപഭോക്താവിന്‍റെയും നടുവൊടിയുമെന്ന കാര്യം ഉറപ്പാണ്.
ഇന്ധന സെസ്, വെള്ളക്കരം, വൈദ്യുതി നിരക്ക് തുടങ്ങി ജനങ്ങള്‍ക്കുമേല്‍ ഒന്നൊന്നായി ഭാരം അടിച്ചേല്‍പ്പിക്കുന്നു എന്ന പരാതിയുമായി പ്രതിപക്ഷം സര്‍ക്കാരിനെതിരെ മുന്നോട്ടുവരും എന്ന കാര്യം ഉറപ്പാണ്. ഇതോടൊപ്പമാണ് സപ്ലൈകോ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കണം എന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുള്ളതും. അതേസമയം ഇന്നത്തെ വര്‍ധന ഐടി കമ്പനികള്‍ക്ക് ബാധകമാക്കിയിട്ടില്ല.
സംസ്ഥാനത്ത് നിലവില്‍ 1.39 കോടി വൈദ്യുതി ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 1.055 കോടിയും ഗാര്‍ഹിക ഉപഭോക്താക്കളാണ്. ഇതില്‍ 99.1 ലക്ഷവും സിംഗിള്‍ ഫേസ് ഉപഭോക്താക്കളുമാണ്.