തിരുവനന്തപുരം : പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ടികെ വിനോദ് കുമാർ വിജിലൻസ് ഡയറക്‌ടറും മനോജ് എബ്രഹാം ഇന്‍റലിജൻസ് എഡിജിപിയുമാകും. കെ പദ്‌മകുമാറിനെ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. ഫയർ ഫോഴ്‌സിലേക്കാണ് മാറ്റം.
ബൽറാം കുമാർ ഉപാധ്യായ പുതിയ ജയിൽ മേധാവിയായി ചുമതലയേല്‍ക്കും. എ അക്ബറിനെ കൊച്ചി കമ്മിഷണറായി നിയമിച്ചു. സേതുരാമൻ ഉത്തര മേഖല ഐജിയായി ചുമതലയേല്‍ക്കും. നിലവിലെ ഉത്തര മേഖല ഐജിയായ നീരജ് കുമാർ ഗുപ്‌തയ്‌ക്ക് പൊലീസ് ആസ്ഥാനത്താണ് പുതിയ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപിയായിരുന്ന എംആർ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്‍റെ അധിക ചുമതലയും നൽകി സർക്കാർ ഉത്തരവിറക്കി.
അഴിച്ചുപണി ഐഎഎസ് തലപ്പത്തും: സംസ്ഥാനത്ത് അടുത്തിടെയാണ് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്. പുതിയ ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സര്‍ക്കാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല നല്‍കിയത്. ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായാണ് നിയമിച്ചത്. ഈ സാഹചര്യത്തില്‍ ബിശ്വനാഥ് സിന്‍ഹ പുതിയ ആഭ്യന്തര, വിജിലന്‍സ് സെക്രട്ടറിയായി. രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ധന സെക്രട്ടറിയും മുഹമ്മദ് ഹനീഷിന് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ അധിക ചുമതലയും നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
READ MORE | ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര, വിജിലന്‍സ് സെക്രട്ടറി
കെ ബിജുവിന് ടൂറിസത്തിന്‍റെ അധിക ചുമതലയും എ കൗശിക്കിന് പുതിയ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ചുമതലയും നല്‍കി. ഷര്‍മിള മേരി ജോസഫിന് വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി ഉത്തരവായി. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലായിരുന്നു ഡോ. വി വേണുവിനെ ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
പുതിയ ചീഫ് സെക്രട്ടറിയെക്കുറിച്ച് കൂടുതലറിയാം: ജൂണ്‍ 28ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഡോ. വി വേണുവിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നിലവിലെ ചീഫ് സെക്രട്ടറി വിപി ജോയ് വിരമിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ തീരുമാനം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വി വേണു.
ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതല നിര്‍വഹിച്ച് വരുന്നതിനിനിടെയാണ് ചീഫ് സെക്രട്ടറിയായുള്ള നിയമനം. പാലാ സബ് കലക്‌ടറായി സേവനമനുഷ്‌ഠിച്ച് തുടങ്ങിയ ഡോ. വി വേണുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രളയത്തിന് ശേഷം സര്‍ക്കാര്‍ സംസ്ഥാന പുനര്‍നിര്‍മാണത്തിന്‍റെ ചുമതല നല്‍കിയ വ്യക്തിയാണ് വി വേണു.
പൊലീസ് മേധാവി ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ്: സംസ്ഥാനത്ത് ഐഎഎസിനൊപ്പം ഐപിഎസിലും വന്‍ അഴിച്ചുപണിയാണ് സര്‍ക്കാര്‍ നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബിനെ മന്ത്രിസഭായോഗം തെരഞ്ഞെടുക്കുകയായിരുന്നു. ജൂണ്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തിലും തീരുമാനമായത്. ഡിജിപി അനില്‍കാന്ത് വിരമിക്കുന്ന സാഹചര്യത്തിലാണ് ഷെയ്‌ഖ് ദര്‍വേഷ് സാഹിബിന്‍റെ നിയമനം.