തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് ശത്രുക്കള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറയുന്ന കെ വി തോമസ് നേരത്തേ സിപിഎമ്മില്‍ പോകാന്‍ തീരുമാനിച്ചിരുന്നു എന്ന് ആരോപിച്ച് കെ മുരളീധരൻ.
കെവി തോമസ് ഇനി കോണ്‍ഗ്രസിലില്ല, ഇത്രയും അച്ചടക്ക ലംഘനം നടത്തിയ തോമസിനോട് ഹൈക്കമാന്‍ഡ് ഉദാര സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്‍റെ എഐസിസി അംഗത്വം നിലനിര്‍ത്തി കെപിസിസി രാഷ്‌ട്രീയ കാര്യ സമിതിയില്‍ നിന്നും എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കുകയായിരുന്നു. തന്നോടു പോലും ഹൈക്കമാന്‍ഡ് ഇത്രയും ഉദാര സമീപനം സ്വീകരിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
തൃക്കാക്കരയിൽ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നെങ്കിൽ രണ്ട് സ്ഥാനങ്ങളും തിരിച്ചു നൽകുമായിരുന്നു. കോണ്‍ഗ്രസില്‍ ഇനി തനിക്ക് സ്ഥാനങ്ങളൊന്നും കിട്ടാനില്ലെന്നു മനസിലാക്കി അദ്ദേഹമെടുത്തത് തെറ്റായ തീരുമാനമാണെന്നും മുരളീധരൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് തന്‍റെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരസ്യമായി തോല്‍പ്പിക്കുമെന്ന് പറയുന്ന കടുത്ത അച്ചടക്ക ലംഘനം നടത്തിയ ഒരാളെ വച്ചു പൊറുപ്പിക്കാനാകില്ല എന്നായിരുന്നു മുരളീധരന്‍റെ വാദം. ഇനി രക്തസാക്ഷി പരിവേഷം ലഭിക്കുമെന്ന് കെവി തോമസ് കരുതുന്നതില്‍ കാര്യമില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയ്‌ക്കൊപ്പമാണോ എന്ന ചോദ്യത്തിന് വികസനത്തിനൊപ്പം എന്നായിരുന്നു കെവി തോമസിന്‍റെ മറുപടി.