തിരുവനന്തപുരം: കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ഞായറാഴ്‌ച ആരംഭിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന ചടങ്ങിനെ തരംതാണ രാഷ്ട്രീയക്കളിക്കായി ബിജെപി മാറ്റിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് കേരളത്തിന് വന്ദേ ഭാരത് തീവണ്ടി വേണമെന്ന് ആദ്യമായി പാര്‍ലമെന്‍റില്‍ സബ്‌മിഷനിലൂടെ ആവശ്യപ്പെട്ടത് കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താനാണെന്ന് കെ മുരളീധരന്‍. കേരളത്തിലെ എംപിമാരുടെ കൂട്ടായ ഫലമായാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചതും അതിന് നല്ല പ്രതികരണം യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും എംപി പറഞ്ഞു. എന്നാല്‍ രണ്ടാം വന്ദേഭാരതിന്‍റെ ഉദ്ഘാടന ചടങ്ങ് ബിജെപി പൂര്‍ണമായും അവരുടെ ചടങ്ങാക്കി മാറ്റി. സ്ഥലം എംഎല്‍എയെ സംസാരിക്കാന്‍ അനുവദിക്കാത്തിടത്ത് ബിജെപിയുടെ രാഷ്ട്രീയക്കളി തുടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ എല്ലാ സീമകളും ലംഘിച്ച് വന്ദേ ഭാരതിനെ പാസഞ്ചര്‍ ട്രെയിന്‍ പോലെയാക്കി. ട്രെയിനിനെ ബിജെപി ഓഫിസാക്കി. സാധാരണ യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് ബിജെപിക്കാര്‍ക്ക് മാത്രം ട്രെയിനില്‍ പ്രവേശനം നല്‍കി. ഇത് മറ്റ് ട്രെയിനുകളെയെല്ലാം ബാധിച്ചു. ട്രെയിനിന്‍റെ ആദ്യ യാത്ര വി മുരളീധരന്‍ അദ്ദേഹത്തിന്‍റെ പര്യടനം പോലെയാക്കിയത് തീര്‍ത്തും നിലവാരമില്ലാത്ത നടപടിയായിപ്പോയി.
ഇത്തരം ചടങ്ങുകള്‍ തെറ്റായ പ്രവണതകള്‍ സൃഷ്‌ടിക്കും. കേരളത്തിലേക്ക് കിട്ടുന്ന വികസനം ഇല്ലാതാക്കാതിരിക്കാനാണ് ഇതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കാത്തത്. വി.മുരളീധരന്‍ കേരളത്തിന് വേണ്ടി സംസാരിക്കുന്നില്ലെന്ന് മാത്രമല്ല, ലഭിക്കുന്നവയുടെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടുകയാണ്.
കേരളത്തിലെ ബിജെപി ചെയ്യുന്നതും ഇതാണ്. കേന്ദ്രത്തിലെ സഹ മന്ത്രിമാരുടെ ജോലി എന്താണെന്ന് താന്‍ കണ്ടിട്ടുള്ളതാണ്. ഇവരെ ഫയലുകള്‍ നേരെ ചൊവ്വേ കാണിക്കാറു പോലുമില്ല. കേന്ദ്ര മന്ത്രിയുടെ മാന്യത വി മുരളീധരന്‍ പുലര്‍ത്തുന്നില്ല. പ്രധാമന്ത്രിക്ക് പിന്നാലെ ഓടലാണ് വി മുരളീധരന്‍റെ പണിയെന്നും കെ.മുരളീധരന്‍ പരിഹസിച്ചു.
രാഷ്ട്രീയത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ ആരു വിചാരിച്ചാലും സാധ്യമല്ല. രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. ഇപ്പോള്‍ സ്ഥാനാര്‍ഥി ചര്‍ച്ച ഒന്നും നടന്നിട്ടില്ല. ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്.
താന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുണ്ടായി. ഇനി അതിന് അവസരമുണ്ടാക്കില്ലെന്ന കാര്യം 101 ശതമാനം ഉറപ്പാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക സാഹചര്യത്തിലാണ് നേമത്ത് മത്സരിച്ചത്. വട്ടിയൂര്‍കാവിലാണ് തനിക്ക് വോട്ടും ബന്ധങ്ങളും കൂടുതലുള്ളത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സിപിഐ രംഗത്ത് വന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി മത്സരിക്കും മുന്‍പും സിപിഐ അവിടെ വിജയിച്ചിട്ടില്ലല്ലോ എന്നായിരുന്നു കെ.മുരളീധരന്‍റെ മറുപടി. സുധാകരനും സതീശനും തമ്മില്‍ പുതുപ്പള്ളിയിലുണ്ടായത് തര്‍ക്കമായി കാണേണ്ട കാര്യമില്ല. കാരണം രണ്ടു പേര്‍ക്കും ദുഷ്‌ടമനസില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് മൈക്ക് കുറച്ച് കാലമായി വില്ലനാണെന്നും മുരളീധരന്‍ പറഞ്ഞു.