തിരുവനന്തപുരം: ബിച്ചു തിരുമലയുടെ സംഗീതബോധമാണ് അദ്ദേഹം എഴുതിയ പാട്ടുകളുടെ ചാരുതയെന്ന് സംഗീത സംവിധായകൻ ജെറി അമൽദേവ്. സംഗീത സംവിധായകൻ ഒരു ഈണം മൂളിയാൽ അതിന്‍റെ മ്യൂസിക്കൽ ബാലൻസ് ബിച്ചു തിരുമലയ്ക്ക് വേഗം പിടി കിട്ടും. അതു മനസിലാക്കിയാണ് എഴുത്ത്. അങ്ങനെ എഴുതുമ്പോൾ ഒരു പ്രത്യേക ഭംഗിയുണ്ടാവും. എല്ലാ ഗാന രചയിതാക്കൾക്കും ഈ സിദ്ധിയില്ല. ചിലർക്ക് പറഞ്ഞു കൊടുത്താൽ മനസ്സിലാവും. ബിച്ചുവിന്‍റെ വരികളാണ് എന്‍റെ പാട്ടുകള പ്രിയങ്കരമാക്കിയതെന്നും ജെറി അമൽദേവ് പറഞ്ഞു.
Also Rea: ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗാനങ്ങൾ; ഓർമ്മകൾ പങ്കുവെച്ച് ബിച്ചു തിരുമല
ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് ജെറി അമൽദേവിന്‍റെ ആദ്യ ചിത്രം. ബിച്ചു തിരുമലയാണ് പാട്ടുകൾ എഴുതിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായി. കഥ നന്നായി മനസിലാക്കിയാണ് ബിച്ചു തിരുമല പാട്ടെഴുതുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ 'മഞ്ഞണിക്കൊമ്പിൽ' ആണ് ഉദാഹരണം.
താണിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലി ക്കുരുവീ എന്ന വരികളിലെ 'സുമംഗലി കുരുവീ' എന്ന പ്രയോഗമാണ് പാട്ടിനെ സിനിമയോട് ചേർത്തു നിർത്തുന്നത്. നായിക വിവാഹിതയായ കഥാപാത്രമാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ 'ആയിരം കണ്ണുമായ്' മറ്റൊരു ഉദാഹരണം. ആ വരികളിൽ സിനിമ മൊത്തമുണ്ട്.
Also Read: Bichu Thirumala passed away : ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
'പല പാട്ടുകളുടെയും തുടക്കം ബിച്ചു മൂളിത്തന്നു. അതിന്‍റെ പിന്നാലെ പോവുകയായിരുന്നു ഞാൻ. പെണ്ണിന്‍റെ ചെഞ്ചുണ്ടിൽ എന്ന ഗാനത്തിന്‍റെ തുടക്കം അദ്ദേഹം മൂളിയതാണ്. എന്‍റെ ഈണങ്ങൾ സരളമാണ്. അതിന് ആഴം നൽകിയത് ബിച്ചുവിന്‍റെ വരികളാണ്. ബിച്ചു തിരുമലയുടെ വിയോഗം മലയാള സിനിമാ സംഗീതത്തിൽ വലിയൊരു വിടവ് സൃഷ്ടിച്ചു കഴിഞ്ഞുവെന്നും ജെറി അമൽദേവ് പറഞ്ഞു.