തിരുവനന്തപുരം : പ്രതിഷേധത്തിന്‍റെ പേരുപറഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികൾ പരിഗണിക്കവെയാണ് പ്രതിഷേധങ്ങളുടെ പേരിൽ വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
എന്ത് പരാതിയുണ്ടെങ്കിലും അത് ഉചിതമായ സ്ഥലത്ത് ഉന്നയിക്കണം. പ്രതിഷേധങ്ങളാകാം, അത് പക്ഷേ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തി പ്രതിഷേധിക്കാൻ എന്തവകാശമെന്നും ജസ്റ്റിസ് അനു ശിവരാമൻ ചോദിച്ചു. ഹൈക്കോടതി ഇടപെട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനായില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
അതേസമയം, മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ ആരോപിച്ചു. ഹർജി കോടതി ബുധനാഴ്‌ച(31.08.2022) വീണ്ടും പരിഗണിക്കാനായി മാറ്റി. കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യമുണ്ടെങ്കിൽ സംസ്ഥാനം ആവശ്യപ്പെടണമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്ര സംരക്ഷണം വേണ്ടെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് കോടതി വിഴിഞ്ഞം പൊലീസിന് നിർദേശം നൽകുകയും ചെയ്‌തിരുന്നു.