തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടി ഗവര്‍ണര്‍. അറ്റോർണി ജനറലിനോട് അടക്കം നിയമോപദേശം തേടുകയാണ് ഗവര്‍ണര്‍. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ രാജി വച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിലെ നിയമവശങ്ങളെ കുറിച്ചാണ് ഗവര്‍ണര്‍ ആരായുന്നത്.
ഭരണഘടന വിഷയമായതിനാല്‍ സ്വീകരിക്കേണ്ട ഉചിതമായ നിലപാടാണ് ഗവര്‍ണര്‍ അറ്റോർണി ജനറലിനോടുള്ള ആശയവിനിമയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ ഗോപകുമാരന്‍ നായര്‍ നല്‍കിയ നിയമോപദേശത്തില്‍ ഭരണഘടന വിരുദ്ധ പരമാര്‍ശത്തെ ഗൗരവമായി കാണണമെന്ന് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെങ്കിലും കേസില്‍ കുറ്റവിമുക്തനാക്കിയോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രം സത്യപ്രതിജ്ഞ മതി. ഗവര്‍ണര്‍ ഭരണഘടന തത്വങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു കൊണ്ട് മാത്രം സത്യപ്രതിജ്ഞ പാടില്ലെന്നും ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നുണ്ട്.
ALSO READ: ഗവര്‍ണർ കടുപ്പിച്ചു തന്നെ; സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു
അതിനാൽ തന്നെ കൂടുതല്‍ നിയമ പരിശോധന നടത്തിയ ശേഷം മാത്രം തീരുമാനമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതോടെ നാളെ നടക്കാൻ നിശ്ചയിച്ചിരുന്ന സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.