തിരുവനന്തപുരം: നിലവിൽ എസ്എഫ്ഐ ഉൾപ്പെട്ട വിവാദങ്ങളിൽ സംരക്ഷണം ഒരുക്കാൻ സിപിഎം തീരുമാനം. എസ്എഫ്ഐ സംസ്ഥാന നേതൃത്വം നൽകിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. മാർക്ക് വിവാദത്തിലും വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമിച്ച വിഷയത്തിലും എസ്എഫ്ഐക്ക് യാതൊരു പങ്കുമില്ലെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സിപിഎം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
എസ്എഫ്ഐയെ വേട്ടയാടാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. താൻ പരീക്ഷ എഴുതിയിരുന്നില്ല എന്ന കാര്യം വ്യക്തമാക്കിയതാണ് എന്നും മഹാരാജാസ് കോളജിലെ ഒരു അധ്യാപകന്‍റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് വിവാദങ്ങൾക്ക് പിന്നിലെന്നും ആർഷോയും സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഗസ്റ്റ് ലക്‌ചർ പോസ്റ്റിനായി മഹാരാജാസ് കോളജിന്‍റെ പേരിൽ മുൻ എസ്എഫ്ഐ നേതാവായിരുന്ന വിദ്യ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ എസ്എഫ്ഐക്ക് യാതൊരു പങ്കുമില്ല. എസ്എഫ്ഐയുമായി വിദ്യയ്‌ക്ക് ഇപ്പോൾ ഒരു ബന്ധവും ഇല്ലെന്നും ആർഷോ സിപിഎമ്മിന് വിശദീകരണം നൽകി.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംഭവം വിവാദമായപ്പോൾ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മന്ത്രിമാരായ എംബി രാജേഷ്, ആർ ബിന്ദു എന്നിവർ എസ്എഫ്ഐയെ സംരക്ഷിക്കുന്ന നിലപാട് എടുത്തത്. എസ്എഫ്ഐയെ വേട്ടയാടാനും സമൂഹത്തിൽ ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന ഇരവാദം ഉയർത്താനാണ് സിപിഎം തീരുമാനം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍, എസ്എഫ്ഐ ഉൾപ്പെട്ട വിവാദങ്ങൾ വിശദമായി ചർച്ച ചെയ്യും.
വിവാദങ്ങളില്‍ എസ്‌എഫ്ഐ: നിരന്തരം ഉണ്ടാകുന്ന വിവാദങ്ങളിൽ സിപിഎമ്മിനുള്ളിൽ തന്നെ അമർഷമുണ്ട്. കാട്ടാക്കട ക്രിസ്‌ത്യൻ കോളജിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിക്ക് പകരം എസ്എഫ്ഐ നേതാവിന്‍റെ പേര് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് നൽകിയത് അടക്കമുള്ള വിവാദങ്ങളാണ് സിപിഎം ഇന്ന് പരിശോധിക്കുന്നത്. ഈ വിഷയത്തിൽ എസ്എഫ്ഐക്ക് ഒരു പങ്കും ഇല്ലെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ നിരന്തരം ഉണ്ടാകുന്ന വിവാദങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണം എന്ന നിർദേശം സിപിഎം, എസ്എഫ്ഐ നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
വിവാദങ്ങളിൽ ഇടതുമുന്നണിക്ക് ഉള്ളിലെ ഘടക കക്ഷികൾക്കും അമർഷമുണ്ട്. കഴിഞ്ഞ ദിവസം സിപിഐ മുഖപത്രമായ ജനയുഗം എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ചാണ് മുഖപ്രസംഗം എഴുതിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ വിവാദമുക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലേഖനം. ഇതിൽ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാകുന്ന രീതിയിൽ എസ്എഫ്ഐ നിരന്തരം വിവാദത്തിൽ പെടുന്നതിന് രൂക്ഷമായി വിമർശിച്ചിരുന്നു.
എഐ കാമറ, കെ ഫോൺ എന്നിവയിൽ പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങൾ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ചും ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച നടക്കും. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ എതിർക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്‍റേതെന്ന് സിപിഎം വിമർശിച്ചിരുന്നു. അമേരിക്കൻ സന്ദർശനത്തിലായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ ,എൻ ബാലഗോപാലും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ല.